മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു മുതിർന്നവരെയും ബന്ദികളാക്കിയ രോഹിത് ആര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മുംബയിലെ പൊവായി ആർഎസ് സ്‌റ്റുഡിയോയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട രോഹിത് സ്‌റ്റുഡിയോയിലെ ജീവനക്കാരനാണെന്ന് സംശയിക്കുന്നു. ബന്ദികളാക്കിയ എല്ലാവരെയും സുരക്ഷിതരാക്കിയതായി പോലീസ് പറയുന്നു.
കുട്ടികളെ ബന്ദികളാക്കിയ കാര്യം ഇയാള്‍ ഇയാൾ വീഡിയോ സന്ദേശത്തിൽ അറിയിക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്. കമാൻഡോകളും ക്വിക് റെസ്പോൺസ് ടീമും വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചു. കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ച് ഇയാൾ മരിച്ചതായാണ് റിപ്പോർട്ട്.
താൻ ജീവിച്ചിരിക്കുകയാണെങ്കിൽ കുട്ടികളെ താൻതന്നെ മോചിപ്പിക്കുമെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള തെറ്റായ നീക്കം തന്നെ പ്രകോപിതനാക്കുമെന്നും ഇയാൾ വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഞാൻ ആത്മഹത്യ ചെയ്യുന്നില്ല. അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തന്റെ ആവശ്യം മുന്നോട്ട് വെക്കുന്നത്. ചിലരോട് സംസാരിക്കണം. അതിനുശേഷം കുട്ടികളെ വിട്ടയക്കാമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ബന്ദികളാക്കപ്പെട്ടത്. ഒരു പരസ്യ ചിത്രീകരണത്തിന്റെ ഓഡിഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ സ്‌റ്റുഡിയോയിൽ എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങൾ അധികാരികളെ കൊണ്ട് അംഗീകരിപ്പിക്കുന്നതിനാണ് യുവാവ് കുട്ടികളെ ബന്ദികളാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു വർഷം മുൻപ് നാഗ്പൂരിൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഇയാൾ ഒരു കരാറിൽ ഏർപ്പെട്ടിരുന്നതായാണ് വിവരം. അതിൽ 80 ലക്ഷം രൂപയോളം തനിക്ക് ഇനിയും കിട്ടാനുണ്ടെന്നും അതിനായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
SUMMARY: Movie studio employee takes 17 children hostage during audition; suspect shot dead














