തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ കുടുംബം പരാതി നല്‍കി. തനിക്ക് വേണ്ടത്ര ചികില്‍സ കിട്ടിയില്ലെന്ന് പറഞ്ഞ് സുഹൃത്തിന് ശബ്ദസന്ദേശം അയച്ച വേണു ഇതിനുപിന്നാലെ മരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായി വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ല. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണ് ഇവിടം. എമര്‍ജന്‍സിയായി ആന്‍ജിഗ്രാം ചെയ്യാന്‍ വെള്ളിയാഴ്ച ഇവിടെ എത്തിയതാണ്.
അഞ്ചുദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്സിനിടെ പരിശോധിക്കാന്‍ വന്ന ഡോക്ടറോട് എപ്പോള്‍ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഒരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും വേണു സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണമെന്നും വേണു സുഹൃത്തിനോട് പറയുന്നു.
48കാരനായ വേണു ഇടപ്പള്ളി കോട്ട സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ തിരുവനന്തപുരത്തേക്ക് അയച്ചത്.ഒക്ടോബർ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആൻജിയോഗ്രാം ചെയ്തില്ലെന്ന് കുടുംബം കുടുംബം ആരോപിക്കുന്നു.ഡോക്ടർ കുറിച്ച മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്ന് നേഴ്സ് മറുപടി നല്‍കിയതായി വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞു.സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
SUMMARY: Complaint alleging that a patient died without receiving treatment at Thiruvananthapuram Medical College













