കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ മുന്‍ ദേശീയ വൈസ് പ്രസിഡന്റായിരുന്നു ഫാത്തിമ. ‘ഹരിത’ എന്ന വനിതാ വിഭാഗത്തിന്റെ മുഖമായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹരിത’ നേതാക്കള്‍ തങ്ങളുടെ പുരുഷ സഹപ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് അവരെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ പ്രധാന വനിതാ മുഖമായി അവര്‍ രംഗത്തുവരാനുള്ള സാധ്യതകളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
യുവനേതാക്കളെ കളത്തിലിറക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന യു.ഡി.എഫിന്റെ നീക്കത്തിന്‍റെ ഭാഗമായാണ് തഹ്‌ലിയയുടെ സ്ഥാനാർഥിത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കെ എസ് ശബരീനാഥിനെ കളത്തിലിറക്കിയത് പോലെ യുവനേതാക്കളെ മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് യുഡിഎഫ് നീക്കം.
SUMMARY: UDF fields Fathima Tahlia from Kozhikode; She will contest from Kuttichira division













