ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന രംഗത്ത് വന്നിട്ടുണ്ട്.
13 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ മുസമ്മില്‍ ഷക്കീല്‍ ഹരിയാണയിലെ ഫരീദാബാദില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പടെയുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പോലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിപോയി. പോലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.
ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്ഐഎ) ഉദ്യോഗസ്ഥര്‍ പരിശോധന സമയത്ത് പോലീസ് സ്റ്റേഷനിലുണ്ടായിരുന്നതായി സൂചനയുണ്ട്. പോലീസുകാരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. സ്ഫോടകവസ്തുക്കളുടെ പൊട്ടിത്തെറിയിലെ അട്ടിമറി സാധ്യതയും സംശയിക്കുന്നുണ്ടെന്നാണ് വിവരം.
SUMMARY: Nowgam Police Station Blast: Death toll rises to 9, sabotage suspected













