ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ ആദ്യവാരം പൊതുയോഗം നടത്താനാണ് നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌യുടെ നീക്കമെന്നാണ് റിപ്പോർട്ട്. രണ്ട് ജില്ലകളില്‍ രണ്ട് യോഗങ്ങള്‍ വീതമായിരിക്കും നടത്തുക.
സേലത്ത് മൂന്ന് സ്ഥലങ്ങള്‍ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നല്‍കി. ഡിസംബർ നാലിന് സേലത്ത് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയില്‍ നാല് യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങള്‍ നടത്താനാണ് ആലോചന. സെപ്തംബർ 27നായിരുന്ന കരൂർ ദുരന്തം.
വിജയ് നയിച്ച റാലി നാമക്കലില്‍ നിന്നും കരൂരില്‍ എത്തിയപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 41 പേർ മരിച്ചിരുന്നു. പിന്നാലെ വലിയ വിമർശനം ഉയരുകയും വിജയ് പര്യടനം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം വിജയ് മരിച്ചവരുടെ ആശ്രിതരെ കണ്ട വിജയ് അവരുടെ ചികിത്സാ ചെലവുകള്‍, വിദ്യാഭ്യാസ ചെലവുകള്‍ മുതലായവ വഹിക്കുമെന്ന് അറിയിച്ചിരുന്നു.
Vijay is set to resume his state tour; will hold a public meeting in December














