തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിലെ വിവാഹവിരുന്നിനിടെയാണ് നാട്ടുകാരുമായി സംഘര്‍ഷമുണ്ടായത്.
നിരവധി ആഡംബര കാറുകളിലാണ് വിവാഹ സംഘം വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം എത്തിയത്. ഇതോടെ റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ നാട്ടുകാർ ഇടപെട്ടു.
ഇതോടെ വാക്കേറ്റമുണ്ടാവുകയും ചിലർക്ക് മർദനമേൽക്കുകയും ചെയ്തു. തുടർന്ന് ഇരു വിഭാഗവും കല്ലെറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. കല്ലേറിൽ രണ്ടുപേർക്ക് പരുക്കേറ്റു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പോലീസ് ലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തെന്നും കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തെന്നും എസ്എച്ച്ഓ പറഞ്ഞു.
SUMMARY: Clashes and stones during wedding reception; police lathicharge













