കാബൂള്‍: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് അഫ്ഗാനിസ്താനില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍. തിങ്കളാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തില്‍ ഒമ്പത് കുട്ടികളടക്കം 10 പേര്‍ കൊല്ലപ്പെട്ടു. പാക്-അഫ്ഘാന്‍ അതിര്‍ത്തിയിലുള്ള പക്തിക, കുനാര്‍ എന്നീ മേഖലയിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
എന്നാൽ ഡ്രോൺ ആക്രമണത്തിൽ പാകിസ്ഥാൻ സൈന്യവും സർക്കാരും പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ- പാക് സംഘർഷവും അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകളും പൊട്ടിപ്പുറപ്പെട്ട് ഒരു മാസത്തിലേറെയായി. തിങ്കളാഴ്ച പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിൽ നടന്ന ആക്രമണത്തിന് പിന്നാലെയാണ് പുതിയ സംഘർഷം ഉടലെടുത്തത്.
തിങ്കളാഴ്ച രാവിലെ പാക് അർധ സൈനിക ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെഷവാർ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാൻ അധികൃതരുടെ നിർദേശപ്രകാരമാണ് ആക്രമണം നടന്നതെന്ന് പാകിസ്ഥാൻ ആരോപിച്ചു. ഇതിന് പിന്നാലെയായിരുന്നു കാബൂളിലെ ആക്രമണം.
പാകിസ്ഥാനില്‍ ആക്രമണം നടത്തുന്ന ഭീകരവാദികള്‍ക്ക് അഫ്ഗാനിസ്താന്‍ അഭയം നല്‍കുന്നുവെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്റെ ആരോപണങ്ങള്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം തുടര്‍ച്ചയായി നിഷേധിക്കുകയും ചെയ്യുന്നുണ്ട്.
SUMMARY: Pakistan attacks again in Afghanistan; 10 people killed, nine of them children














