മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്നും മാറ്റിയതായി ജില്ല കലക്ടർ വി.ആർ.വിനോദ് അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വാസുദേവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം ലഭിക്കുമ്പോൾ തുടർ നടപടികളുണ്ടാകും. ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒയുടെ ചുമതല നൽകിയെന്നും കളക്ടർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎൽഒ നഗ്നതാപ്രദർശനം നടത്തിയത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ബിഎൽഒ മുണ്ട് പൊക്കിക്കാട്ടുകയായിരുന്നു.
SUMMARY: Inappropriate behaviour. BLO removed from post














