ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ 4, 5 തീയതികളിലായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും റഷ്യൻ ഭരണകൂടമായ ക്രെംലിനും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള 23-ാമത് വാർഷിക ഉച്ചകോടിയുടെ ഭാഗമായാണ് പുടിന്റെ സന്ദർശനം.
ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും കൂടാതെ, രാഷ്ട്രപതി ദ്രൗപദി മുർമുവുമായും അദ്ദേഹം ചർച്ചകൾ നടത്തും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്താനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും പുടിന്റെ സന്ദര്‍ശനം ഗുണം ചെയ്യും.
2021-ലാണ് പുടിൻ അവസാനമായി ന്യൂഡൽഹി സന്ദർശിച്ചത്. വാർഷിക ഉച്ചകോടിയുടെ ഭാഗമായി 2024 ജൂലൈയിൽ പ്രധാനമന്ത്രി മോദി മോസ്കോ സന്ദർശിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ മാറ്റങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഈ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറാനും അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
SUMMARY: India-Russia annual summit; Putin to arrive in India on December 4th.













