താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയിലേക്ക് മാറ്റുന്നതിനാലാണ് ചുരം വഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടില്ല. ഇവ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടും. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തിവിടൂവെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയര്‍ അറിയിച്ചു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍ തുടങ്ങി അത്യാവശ്യ യാത്രചെയ്യുന്നവര്‍ ഗതാഗത തടസ്സം മുന്‍കൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ചുരത്തിലെ മൂന്ന് ഹെയർപിൻ വളവുകൾക്ക് അരികിലെ മരങ്ങളാണ് മുറിച്ചുമാറ്റിയത്. ഏറ്റവും വീതിക്കുറവുള്ള 6, 7, 8 വളവുകൾ വീതികൂട്ടുന്നതിന് മുന്നോടിയായി പിഡബ്ല്യുഡി എൻഎച്ച് വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.
SUMMARY: Traffic restrictions at Thamarassery Pass from tomorrow














