ബെംഗളൂരു: ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കർണാടകത്തിലെ കാർവാർ തീരത്ത് വ്യോമസേനാ താവളത്തിന് സമീപം കണ്ടെത്തി. കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിൽ ബുധനാഴ്ചയാണ് ദേശാടനം നടത്തുന്ന ഇനത്തിൽപ്പെട്ട കടൽക്കാക്കയെ കണ്ടെത്തിയത്. സംഭവത്തിൽ സുരക്ഷാ ഏജൻസികളും വനം ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. ഇത് ചാരവൃത്തിക്കോ ശാസ്ത്രീയ ഗവേഷണത്തിനോ എന്ന് കണ്ടെത്താനാണ് അന്വേഷണം നടത്തുന്നത്.
തിമ്മക്ക ഉദ്യാനത്തിന് പിന്നിൽ അസാധാരണമായ ടാഗുമായി ഒരു കടൽകാക്ക വിശ്രമിക്കുന്നത് പ്രദേശവാസികളാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പോലീസ് വനംവകുപ്പിന്റെ മറൈൻ വിങ്ങിനെ വിവരമറിയിച്ചു. തുടര്‍ന്നു വനം ഉദ്യോഗസ്ഥർ പക്ഷിയെ സുരക്ഷിതമായി പിടികൂടി ഉപകരണം പരിശോധിച്ചു.ക്ഷീണിച്ച നിലയിലായിരുന്നു പക്ഷി. ശരീരത്തിൽ ചെറിയ പരുക്കുകൾ ഉണ്ടായിരുന്നെന്നും വനം ഉദ്യോഗസ്ഥർ പറഞ്ഞു.
ജിപിഎസ് ട്രാക്കറില്‍ ഒരു ഇമെയിൽവിലാസം എഴുതിയിരുന്നു. പക്ഷിയെ കണ്ടെത്തുന്നവർ ഈ ഇമെയിൽ വിലാസവുമായി ബന്ധപ്പെടണമെന്നും എഴുതിയിരുന്നു. ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് പക്ഷി വന്ന വഴി ഉദ്യോഗസ്ഥർക്ക് വ്യക്തമായത്.
ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ എൻവയോൺമെന്റൽ സയൻസസുമായി ബന്ധിപ്പിച്ചതാണ് ട്രാക്കർ. ഇത് അക്കാദമിക്, പാരിസ്ഥിതിക പഠനങ്ങൾക്കുള്ളതാണെന്നാണ് പ്രാഥമിക നിഗമനം. സീഗളുകളുടെ ചലനം, തീറ്റ രീതികൾ, ദേശാടന വഴികൾ എന്നിവ പഠിക്കുന്നതിനാണ് ട്രാക്കർ എന്നും ചാരവൃത്തിയുടെ തെളിവുകളില്ലെന്നും പോലീസ് പറഞ്ഞു.
ഒൻപത് മാസമായി സഞ്ചാരം തുടങ്ങിയിട്ടെന്നും വ്യക്തമായി. സൈബീരിയയിലും ആർട്ടിക് പ്രദേശത്തുകൂടിയും സഞ്ചരിച്ച് ശ്രീലങ്കയിലേക്ക് മടങ്ങുന്ന വഴിയാണ് കാർവാറിലെത്തിയതെന്നും പറയുന്നു. ജിപിഎസ് ട്രാക്കറിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് 12,000 കിലോമീറ്റർ പറന്നാണ് പക്ഷി കാർവാറിലെത്തിയത്. ശ്രീലങ്ക വന്യജീവി സംരക്ഷണ കേന്ദ്രം (എസ്എൽഡബ്ല്യുസിസി) ഗവേഷണ ആവശ്യത്തിനായി വിട്ടയച്ച പക്ഷിയാണിതെന്നും വനംവകുപ്പിന്റെ തീരദേശ സമുദ്രവിഭാഗം വ്യക്തമാക്കി. ശ്രീലങ്കയിലെ വൈൽഡ് ലൈഫ് ആൻഡ് നെയ്‌ചർ പ്രൊട്ടക്ഷൻ സൊസൈറ്റിയുമായി ബന്ധപ്പെട്ടെന്നും ഇക്കാര്യം സ്ഥിരീകരിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: Migratory bird fitted with Chinese GPS tracking device found on Karwar coast; Security forces launch investigation














