കോഴിക്കോട്: സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്. 2020-ലെ വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സർവീസുകൾ അടുത്ത മാസം ഒന്നാം തീയതി മുതൽ പുനരാരംഭിക്കും. റിയാദ് – കോഴിക്കോട് സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഏര്‍പ്പെടുത്തിയ റൺവേ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വലിയ വിമാനങ്ങൾക്ക് പകരം ഇടത്തരം വിമാനമായ എയർബസ് A321neo സീരീസിലുള്ള വിമാനങ്ങളാണ് സൗദി എയർലൈൻസ് സർവീസിനായി ഉപയോഗിക്കുന്നത്. ഫെബ്രുവരി ഒന്നിന് സർവീസ് ആരംഭിക്കും. സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിലും സിസ്റ്റത്തിലും ബുക്കിംഗ് ലഭ്യമായിത്തുടങ്ങി. ആദ്യ ഘട്ടത്തിൽ റിയാദ് – കോഴിക്കോട് സെക്ടറിലാണ് സർവീസ്.
ആഴ്ചയിൽ നാല് സർവീസുകൾ വീതമാകും തുടക്കത്തിലുണ്ടാവുക. പിന്നീട് ഇത് ആഴ്ചയിൽ ആറ് സർവീസുകളായി വർദ്ധിപ്പിക്കും. പുലർച്ചെ 1:20-ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8:35-ന് കരിപ്പൂരിലെത്തും. തിരികെ രാവിലെ 9:45-ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:50-ന് റിയാദിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. റിയാദ് സർവീസിന് പിന്നാലെ മാർച്ച് മാസത്തോടെ ജിദ്ദയിൽ നിന്നുള്ള സർവീസുകളും ആരംഭിക്കുമെന്നാണ് സൂചന.
SUMMARY: Saudi Airlines returns to Karipur after a gap of 5 years; The service will resume from February 1














