ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ശനിയാഴ്ച രാവിലെ ആറ്റിങ്ങല്‍ വലിയകുന്ന് ഭാഗത്ത് നിന്ന് മാമത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. വാഹനം പൂർണ്ണമായും കത്തിനശിച്ചു. വലിയകുന്ന് റോളണ്ടില്‍ റോമിയുടെ ഉടമസ്ഥതയിലുള്ള 2005 മോഡല്‍ മാരുതി 800 കാറാണ് തീപിടിത്തത്തില്‍ കത്തിയമർന്നത്.
മാമത്തേക്ക് പോകുമ്പോൾ കാറില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരം കാറിലുണ്ടായിരുന്നവരെ അറിയിച്ചത്. ഇതോടെ സമീപത്തെ ചെറുറോഡിലേക്ക് കാർ മാറ്റിയശേഷം വാഹനത്തിലുണ്ടായിരുന്ന റോമിയും മാതാവും പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കകം കാർ പൂർണ്ണമായും കത്തിനശിച്ചു. റോമിയുടെ ആധാർ കാർഡ്, എടിഎം കാർഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയും കത്തി നശിച്ചു.
നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ ആറ്റിങ്ങല്‍ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനത്തിന് തീപിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. വാഹനത്തിലുണ്ടായിരുന്ന റോമിയും മാതാവും തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു.
SUMMARY: A moving car caught fire: Passengers barely escaped