ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച ‘ഉദയ്” എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ കാർഡിന്റെ പ്രചാരണത്തിന് രാജ്യത്താകെ ഈ ചിഹ്നമാണ് ഇനി ഉപയോഗിക്കുക. ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി മൈ ഗവ് പ്ലാറ്റ്‌ഫോമിൽ നടന്ന ദേശീയ മത്സരത്തിൽ 875 എൻട്രികളിൽ ലഭിച്ചു. ഇതിൽ നിന്നാണ് അരുണിന്റെ ചിത്രം യു.ഐ.ഡി.എ.ഐ തിരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ യുഐഡിഎഐ ചെയര്‍മാന്‍ നീലകണ്ഠ് മിശ്രയാണ് ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തത്. ആധാര്‍ സേവനങ്ങളെക്കുറിച്ച് ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ വിശദീകരിക്കുന്നതിനുമുള്ള യുഐഡിഎഐയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ഘട്ടമാണ് ചിഹ്നത്തിലുടെ സാധ്യമാകുന്നതെന്നും യുഐഡിഎഐ ചെയര്‍മാന്‍ പറഞ്ഞു.
50,000 രൂപയുടെ ഒന്നാംസമ്മാനമാണ് അരുണിന് ലഭിക്കുക. മെക്കാനിക്കൽ എൻജിനീയറായ അരുൺ ആദ്യമായാണ് ഒരു ഡിസൈനിങ് മത്സരത്തിൽ പങ്കെടുക്കുന്നത്. വെസ്റ്റ് ചാലക്കുടി കരൂർ റോഡിൽ തൈവളപ്പിൽ ടി.ആർ. ഉണ്ണികൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ് അരുൺ ഗോകുൽ. കൊച്ചി ഗ്രീൻഫീൽഡ് ലോജിസ്റ്റിക്സ് എൽഎൽപിയിൽ ഡെപ്യൂട്ടി ഓപ്പറേഷണൽ മാനേജരാണ്.
മഹാരാഷ്ട്രയിലെ പൂനെ സ്വദേശിക്കാണ് ചിഹ്നം നിര്‍ദേശിച്ചു കൊണ്ടുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനം. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള കൃഷ്ണ ശര്‍മ്മ മൂന്നാം സ്ഥാനവും നേടി. ഔദ്യോഗിക ചിഹ്നത്തിന് പേര് നല്കുന്നതിനുള്ള മത്സരത്തില്‍ ഭോപ്പാലില്‍ നിന്നുള്ള റിയ ജെയിന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുനെ സ്വദേശി ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും ഹൈദരാബാദ് സ്വദേശി മഹാരാജ് ശരണ്‍ ചെല്ലാപിള്ള മൂന്നാം സ്ഥാനവും സ്വന്തമാക്കി.
SUMMARY: Aadhaar now has a new official symbol; designed by a Malayali














