മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഗോവര്‍ധന്‍ അസ്രാനി(84) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ദീപാവലി ആശംസകള്‍ പങ്കുവെച്ചിരുന്നു.
അമിതാബ് ബച്ചനും ധര്‍മേന്ദ്രയും ഹീറോ റോളില്‍ എത്തിയ 1975ലെ ഷോലെ സിനിമയിലെ ജയിലറുടെ വേഷം അസ്രാനിയെ ശ്രദ്ധേയനാക്കി. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ സിനിമ പഠിച്ച അദ്ദേഹം 1960കളില്‍ സിനിമയില്‍ എത്തി. 155 സിനിമകളില്‍ അഭിനയിച്ച അദ്ദേഹം നിരവധി സിനിമകള്‍ സംവിധാനവും ചെയ്തു.
1967-ല്‍ പുറത്തിറങ്ങിയ ‘ഹരേ കാഞ്ച് കി ചൂടിയാം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ നടന്‍ ബിശ്വജീത്തിന്റെ സുഹൃത്തായാണ് അദ്ദേഹം വേഷമിട്ടത്. ഇക്കാലയളവില്‍ അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളില്‍ നായകനായും അഭിനയിച്ചു.
ഭൂല്‍ ഭുലയ്യ, ധമാല്‍, ബണ്ടി ഔര്‍ ബബ്ലി 2, ആര്‍… രാജ്കുമാര്‍ എന്നീ പുതിയകാല ഹിറ്റ് സിനിമകളിലും, കൂടാതെ ഓള്‍ ദി ബെസ്റ്റ്, വെല്‍ക്കം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഹിന്ദി സിനിമകള്‍ക്ക് പുറമെ, 1972 മുതല്‍ 1984 വരെ പ്രധാന വേഷങ്ങളിലും 1985 മുതല്‍ 2012 വരെ സ്വഭാവ നടനായും അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
SUMMARY: Actor Asrani passes away