കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിധിവരുന്നത് സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പറഞ്ഞത്. ദിലീപിനെതിരെ ചുമത്തിയ ഗൂഡാലോചന കേസ് വാദി ഭാഗത്തിന് തെളിയിക്കാനായില്ല. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നീ പ്രതികളാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്.
7,8,9,15 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം പ്രതി സനലിനെയും കോടതി വെറുതെ വിട്ടു. ഒമ്പതാം പ്രതിയ്‌ക്കെതിരായ കുറ്റം തെളിയിക്കാനായില്ല. പ്രതികള്‍ക്ക് സഹായം ഒരുക്കി എന്നതായിരുന്നു കുറ്റം. 15-ാം പ്രതി ശരതിനെയും കോടതി വെറുതെ വിട്ടു. കേരളത്തെ നടുക്കിയ കേസിൽ ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷംവിധി പറയുന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.
SUMMARY: Actress attack case: Dileep acquitted














