ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് തീപിടുത്തം ഉണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
എ.ഐ 315 നമ്പർ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഓക്സിലറി പവർ യൂണിറ്റിലാണ് തീപിടിച്ചത്. വിമാനം വിശദ പരിശോധനയ്ക്കായി മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിഐഎഎൽ) അറിയിച്ചു. സംഭവത്തില്‍ വിശദമായ പരിശോധന വൈകാതെ നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ എയർ ഇന്ത്യയ്ക്ക് സംഭവിക്കുന്ന മൂന്നാമത്തെ വലിയ തിരിച്ചടിയാണ് ഡൽഹിയിലെ അപകടം. തിങ്കളാഴ്ച, ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പുറപ്പെടേണ്ടിയിരുന്ന AI2403 വിമാനം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യാത്ര നിര്‍ത്തിവച്ചിരുന്നു. ടേക്ക് ഓഫ് റോളിനിടെ വിമാനം റണ്‍വേയിലൂടെ മണിക്കൂറില്‍ 155കിമീ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കോക്പിറ്റ് ക്രൂ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകള്‍ അനുസരിച്ച് ടേക്ക് ഓഫ് നടത്താതെ വിമാനം നിര്‍ത്തുകയായിരുന്നു.
ഇതുകൂടാതെ തിങ്കളാഴ്ച തന്നെ, കനത്ത മഴയില്‍ മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനം തെന്നി മാറിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ് രാവിലെ 9.40ന് ലാന്‍ഡിങിനിടെ റണ്‍വേ 27 ല്‍ നിന്ന് തെന്നിമാറിയത്. റണ്‍വേ ഉടന്‍ തന്നെ അടച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു.
SUMMARY: Air India flight catches fire after landing in Delhi; passengers safe