കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ തീരുമാനിച്ചു. കുന്നരു യുപി സ്‌കൂളിലെ പ്യൂൺ അനീഷ് ജോർജാണ് മരിച്ചത്.
അനീഷ് ജോർജ് ജീവനൊടുക്കിയതിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമീഷനാണെന്ന് നേതാക്കൾ ആരോപിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തിങ്കളാഴ്ച ബിഎൽഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. കൂടാതെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബി.എൽ.ഒമാർ കടുത്ത സമ്മർദത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ബി.എൽ.ഒമാരെ കൂടുതൽ സമ്മർദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ്.ഐ.ആർ നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിച്ച് ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും സംയുക്ത സമരസമിതി കുറ്റപ്പെടുത്തി.
SUMMARY: Aneesh George’s death. BLOs to boycott work tomorrow












