ബെംഗളൂരു: സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് പ്രവാസി മലയാളികള്‍. ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ സന്നദ്ധ-സാംസ്കാരിക പ്രവര്‍ത്തകരും ലഹരി വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (രജി)-‘അഫോയി’-യുടെ ഔപചാരിക ഉദ്ഘാടനം 2026 ഫെബ്രുവരി 21ന് ജാലഹള്ളി സെന്റ് ക്ലാരറ്റ് ഓട്ടോണമസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കോളേജുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ രാഷ്ട്രീയ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സംഘടനയുടെ പ്രഥമ ദേശീയ ചെയര്‍മാനായി പി.എ. ഐസക്, പ്രസിഡണ്ടായി ബിനു ദിവാകരന്‍, വൈസ് പ്രസിഡണ്ടുമാരായി അഡ്വ. പ്രമോദ് വരപ്രത്ത്, ടോമി.ജെ ആലുങ്കല്‍, ജനറല്‍ സെക്രട്ടറിയായി അഡ്വ. ബുഷ്റ വളപ്പില്‍, ജോയിന്റ് സെക്രട്ടറിമാരായി ഡോ. നകുല്‍, ജോര്‍ജ് ജേക്കബ്, ട്രഷററായി ജോജു വര്‍ഗീസ്, ജോയിന്റ് ട്രഷററായി പ്രഫുല്‍ എസ്. കണ്ടത്ത് എന്നിവരെയും ഫാദര്‍ ജോര്‍ജ് കണ്ണന്താനത്തെ രക്ഷധികാരിയായും തെരഞ്ഞെടുത്തു.
ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായി സുമോജ് മാത്യു, വിനു തോമസ്, ഉമേഷ് രാമന്‍, അനില്‍ പാപ്പച്ചന്‍, മെഹ്റൂഫ് എന്നിവരെയും, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജോണ്‍സ് വര്‍ഗീസ്, ഫിറോസ് ഖാന്‍, സാജിത.കെ.കെ, ജെയ്‌മോന്‍ മാത്യു, ടി.സി മുനീര്‍, കെ.ആര്‍ സതീഷ് കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ബെംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ പഠനത്തിനെത്തുന്ന മലയാളി വിദ്യര്‍ഥികളെ ഉപയോഗപ്പെടുത്തി മയക്കുമരുന്നു മാഫിയയും സാമൂഹ്യ വിരുദ്ധ ശക്തികളും പല വിധത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നതായി ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലഹരിക്കടിമപ്പെട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരും ആത്മഹത്യയില്‍ അഭയം തേടുന്നവരും നിരവധിയാണ്. മയക്കു മരുന്ന് മാഫിയകളുടെ വലയില്‍പെട്ടു ക്രിമിനല്‍ കേസുകളില്‍പ്പെടുന്ന വിദ്യാര്‍ഥികളും നിരവധിയുണ്ട്.
ഇതിനെതിരെയുള്ള ശക്തമായ സാമൂഹ്യ ഇടപെടല്‍ എന്ന നിലയില്‍ വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍, രക്ഷിതാക്കള്‍, പോലീസ്, എക്‌സൈസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുമായി സഹകരിച്ച് ലഹരി നിര്‍മാര്‍ജന പരിപാടികളും ബോധവല്‍ക്കരണത്തിനായുള്ള വിവിധ പദ്ധതികളും അഫോയി ആസൂത്രണം ചെയ്യുന്നുണ്ട്.
തുടർപഠനത്തിനായി ബെംഗളൂരുവിലേക്ക് ചേക്കേറുന്ന ലക്ഷകണക്കിന് കുട്ടികൾ പലതരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഉൾപ്പെട്ട് ജീവിതം പൊലിഞ്ഞു പോവുന്ന സാഹചര്യത്തിൽ, നാട്ടിലുള്ള രക്ഷിതാക്കൾക്ക് ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി നല്ല ഒരു ബന്ധം സ്ഥാപിച്ച് കുട്ടികളുടെ പഠനവും സുരക്ഷിതത്ത്വവും ഉറപ്പ് വരുത്താൻ സഹായകമാകും.
കഴിഞ്ഞ ഒരു വർഷത്തോളമായി അഫോയിയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ ബെംഗളൂരുവില്‍ വിവിധ ബോധവൽക്കരണ പരിപാടികള്‍ക്കൊപ്പം ലഹരിക്കടിമപ്പെട്ട യുവാക്കളുടെ പുനരധിവാസം, ചികിത്സ ഏറ്റെടുക്കല്‍, എന്നിവയും നടത്തിയിട്ടുണ്ട്. യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നും രക്ഷിയ്ക്കുക എന്ന വലിയ ദൗത്യം മുന്നിലുള്ളതുകൊണ്ടാണ് അഫോയിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതെന്ന് ഭാരവാഹികളായ പി.എ. ഐസക്, ബിനു ദിവാകരന്‍ എന്നിവര്‍ അറിയിച്ചു.
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും, യൂണിയൻ ടെറിട്ടറികളിലും ആൻറിഡോട്ട് ഫൗണ്ടേഷന്റെ ശാഖകൾ സ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങളും ത്വരിതഗതിയിൽ നടക്കുന്നു. ലഹരിവ്യാപനം തടയാനും വിദ്യാര്‍ഥികളിലുള്‍പ്പെടെ വര്‍ധിച്ചുവരുന്ന ലഹരി ആസക്തിക്കെതിരായ ബോധവല്‍ക്കരണം, ലഹരിക്കടിമപ്പെട്ടവര്‍ക്കുള്ള കൗണ്‍സിലിങ്, ലഹരിവിമുക്തിയുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്കുള്ള വളണ്ടിയര്‍ പരിശീലനം തുടങ്ങിയവ സംഘടിപ്പിക്കുകയുമാണ് അഫോയിയുടെ പ്രാഥമിക ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.
SUMMARY: ‘Antidote Foundation of India-AFOI’ against the deadly scourge of drug abuse














