തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണ്‍, ഷാരോണിന്റെ മാതാവ് രജനി എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തരപ്പിള്ളി പോലീസ് കേസെടുത്തിരിക്കുന്നത്.
മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. യുവതി തുടർച്ചയായി ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. യുവതി പഠിക്കുന്ന കോളേജില്‍ എത്തിച്ച് ഷാരോണ്‍ മർദിച്ചിരുന്നു. മർദനം കണ്ട സെക്യൂരിറ്റി ജീവനക്കാരൻ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആറ് മാസം മുമ്പാണ് അർച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം കഴിച്ചത്.
എന്നാല്‍, വിവാഹശേഷം വീട്ടുകാരുമായി ബന്ധപ്പെടാൻ ഷാരോണ്‍ അർച്ചനയെ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. അർച്ചനയെ വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാല് മണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടത്. വീടിനുള്ളില്‍വെച്ച് തീ കൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഷാരോണിന്റെ അമ്മയാണ് അർച്ചനയെ മരിച്ച നിലയില്‍ ആദ്യമായി കണ്ടത്.
SUMMARY: Archana’s death; Case registered against husband Sharon under dowry sections














