തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച തുടങ്ങി. ബി നിലവറ തുറക്കുന്നതില്‍ തന്ത്രിമാരുടെ അഭിപ്രായം തേടും. ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തില്‍ ഇക്കാര്യം ചർച്ചയായി. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.
തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഭരണസമിതിക്ക് കൈക്കൊള്ളാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണസമിതിയിലെ അംഗമായ തന്ത്രി ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. രാജകുടുംബ പ്രതിനിധിയായി ഉണ്ടായിരുന്നത് ആദിത്യ വർമ്മയായിരുന്നു. നിലവറ തുറക്കുന്നത് ആചാരപരമായ കാര്യം കൂടിയായതിനാല്‍ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനിക്കുകയായിരുന്നു.
ആചാരപ്രശ്നം ഉയർത്തിയാണ് ബി നിലവറ തുറക്കലിനെ തുടക്കം മുതല്‍ രാജകുടുംബം എതിർത്തത്. തന്ത്രിമാരുടെ നിലപാട് അറിഞ്ഞ ശേഷം വീണ്ടും ഭരണസമിതി ചർച്ച ചെയ്താകും ബി നിലവറ തുറക്കലില്‍ അന്തിമതീരുമാനം എടുക്കുക.
SUMMARY: Discussions resume on the opening of B vault at Padmanabha Swamy temple