ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ദാവണഗെരെ ശാസ്ത്രീയ ലെഔട്ട് സ്വദേശി ഖാദിറ ബാനു എന്ന നാലു വയസ്സുകാരിയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ വീടിനു മുന്നിൽ കളിക്കുകയായിരുന്നു കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബാനുവിന്റെ ചികിത്സക്കായി 10 ലക്ഷത്തോളം രൂപ ചെലവഴിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ഈ മാസം 12 ന്, ബെംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർഥിനികള്‍ ക്യാമ്പസിൽ പ്രഭാത നടത്തത്തിനിടെ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായിരുന്നു. ജൂലൈയിൽ കൊഡിഗെഹള്ളിയിലെ കെമ്പെഗൗഡ ലേഔട്ടിൽ സ്വദേശി സീതപ്പയെന്ന 68 കാരനും തെരുവ് നായ്ക്കളുടെ ആക്രമണത്തിനു ഇരയായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ, ജലഹള്ളിയില്‍ റിട്ട. സ്കൂൾ അധ്യാപിക രാജ്ദുലാരി സിൻഹ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ വർഷം ജൂലൈ 31 വരെ കർണാടകയിൽ 2.81 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിജയപുരയിൽ 15,527 നായ്ക്കളുടെ കടിയേറ്റ കേസുകളും, തൊട്ടുപിന്നാലെ ബെംഗളൂരു (13,831), ഹസ്സൻ (13,388), ദക്ഷിണ കന്നഡ (12,524), ബാഗൽകോട്ട് (12,392) എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
SUMMARY: Being bitten by a stray dog and undergoing treatment for four months; A four-year-old girl died