കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജു (18) വിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിക്കും. കൊച്ചിയില്‍ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂർത്തിയായി. ഏഴുപേർക്ക് പുതുജീവൻ നല്‍കിയാണ് ബില്‍ജിത്ത് വിടപറഞ്ഞത്.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച ബില്‍ജിത്ത് എന്ന 18 വയസ്സുകാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിയായ പതിമൂന്ന്കാരിക്ക് മാറ്റിവെച്ചത്. കൊല്ലം അഞ്ചല്‍ ഏരൂർ സ്വദേശിയായ 13 വയസ്സുകാരി മൂന്ന് വർഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അടിയന്തരമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണം എന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.
ഇതിനിടയിലാണ് അനുയോജ്യമായ ഒരു ഹൃദയം ലഭ്യമാണെന്ന വിവരം ലഭിക്കുന്നത്. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ നിന്ന് ഹൃദയം എത്തിച്ചതിന് ശേഷം പുലർച്ചെ ഒന്നരയോടെ തുടങ്ങിയത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പുലർച്ചെ 3.30 ന് തന്നെ ഹൃദയം കുട്ടിയില്‍ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകം എന്ന് ലിസി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
ഹൃദയമടക്കം ആറ് അവയവങ്ങള്‍ ദാനം ചെയ്യാൻ സമ്മതമാണെന്ന് യുവാവിന്റെ കുടുംബം അറിയിച്ചിരുന്നു. അപ്നിയ ടെസ്റ്റിലൂടെയാണ് യുവാവിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. യുവാവിന്റെ മറ്റ് അവയവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, അമൃത ആശുപത്രി, കൊച്ചി ലിസി ആശുപത്രി, ആലുവ രാജഗിരി ആശുപത്രി, കോട്ടയം കാരിത്താസ് ആശുപത്രി, അങ്കമാലി ലിറ്റില്‍ ഫ്ലവർ എന്നീ ആശുപത്രികളിലെത്തിയ്ക്കും.
SUMMARY: Biljith’s heart will now beat in a 13-year-old girl from Kollam; surgery completed