തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോർപ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ആകെ 67 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി.വി രാജേഷും, മുൻ ഡിജിപി ആർ. ശ്രീലേഖയും അടക്കമുള്ള പ്രമുഖർ മത്സരരംഗത്തുണ്ട്. വി.വി രാജേഷ് കൊടുങ്ങാനൂർ വാർഡിലും, ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിലുമാണ് ജനവിധി തേടുന്നത്.
പ്രമുഖ കായികതാരങ്ങളെയും പാർട്ടിയില്‍ പുതുതായെത്തിയവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻ അത്‌ലറ്റ് പദ്മിനി തോമസ് പാളയം വാർഡില്‍ മത്സരിക്കും. മുൻ കോണ്‍ഗ്രസ് നേതാവ് തമ്പാനൂർ സതീഷ് തമ്പാനൂർ വാർഡിലും, ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാർഡില്‍ ദേവിമ പി.എസ്-ഉം ജനവിധി തേടും. കരുമത്ത് ആശാനാഥിനെയും നേമത്ത് എം.ആർ. ഗോപനെയും ബിജെപി രംഗത്തിറക്കി. അതേസമയം, കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ മത്സരിക്കുന്ന വാർഡിലെയും കവടിയാർ വാർഡിലെയും സ്ഥാനാർഥികളെ അടുത്ത ഘട്ടത്തില്‍ മാത്രമായിരിക്കും പ്രഖ്യാപിക്കുക.
സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം ബിജെപിയില്‍ രൂക്ഷമായതിന് പിന്നാലെയാണ് പട്ടിക പുറത്തിറക്കിയത്. കഴിഞ്ഞതവണ പൊന്നുമംഗലം വാർഡില്‍ നിന്ന് വിജയിച്ച എം.ആർ. ഗോപനെ ഇത്തവണ നേമത്ത് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ, നേമം ഏരിയാ പ്രസിഡൻ്റ് എം. ജയകുമാർ രാജി വെച്ചിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പില്‍ നേമം വാർഡിലുള്ളയാള്‍ തന്നെ മത്സരിക്കണമെന്ന പ്രവർത്തകരുടെ ആവശ്യം അറിയിച്ചിട്ടും യാതൊരു അറിയിപ്പും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയകുമാർ രാജിവെച്ചത്. ഈ പ്രതിഷേധങ്ങള്‍ക്കിടയിലും എം.ആർ ഗോപനെ തന്നെ നേമം സ്ഥാനാർഥിയാക്കുകയായിരുന്നു.
SUMMARY: BJP announces candidates for Thiruvananthapuram Corporation local body elections













