ബെംഗളൂരു: സംസ്ഥാനത്ത് അധികാരത്തിലെത്താൻ 55 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിക്കുന്നെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ. ബെളഗാവിയിലെ ഹുങ്കുണ്ട് മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ വിജയാനന്ദ് കാശപ്പനവരാണ് ആരോപണം ഉന്നയിച്ചത്.
55 എംഎൽഎമാരുടെ പട്ടിക തയാറാക്കിയ ബിജെപി ഇവരെ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി കൂറുമാറ്റാനാണ് ശ്രമിക്കുന്നത്. തന്നെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്കു കൂറുമാറുന്നതോടെ ഇവർക്കെതിരായ അഴിമതി കേസുകൾ അവസാനിപ്പിക്കും. ബിജെപി ഏജന്റുമാർ ഇതിനകം കോൺഗ്രസ് എംഎൽഎമാരെ സമീപിച്ചു. എന്നാൽ താൻ ഭയപ്പെടില്ലെന്നും ഏതു റെയ്ഡിനെയും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ഭരത് റെഡ്ഡി എംഎൽഎ, മുൻ മന്ത്രി ബി. നാഗേന്ദ്ര. ഇ. തൂക്കാറാം എംപി എന്നിവരുടെ വീട്ടിലുണ്ടായ റെയ്ഡ് ഇത്തരത്തിൽ രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാനത്ത് ഒറ്റയ്ക്ക് അധികാരത്തിൽ എത്താനാകില്ലെന്ന തിരിച്ചറിവിൽ ബിജെപി കുതന്ത്രങ്ങൾ മെനയുകയാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: BJP has a list of 55 Congress MLAs, threatening them with raids, says Congress MLA Vijayanand Kashappanavar.