ന്യൂഡൽഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞ മാർച്ചിൽ ചേർന്ന മിഷൻ സ്റ്റിയറിങ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇൻസെന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനഃക്രമീകരിച്ചിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ചശേഷം പിരിഞ്ഞുപോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20,000 രൂപയിൽനിന്ന് 50,000 രൂപയാക്കി വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു.
പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ ഉൾപ്പെടുത്തി രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. അപകടത്തിൽ മരിക്കുന്നവർക്ക് രണ്ടുലക്ഷം രൂപയും അംഗവൈകല്യം വരുന്നവർക്ക് ഒരുലക്ഷം രൂപയും ഇൻഷുറൻസ് പരിരക്ഷനൽകി. പ്രധാൻമന്ത്രി ശ്രം യോഗി മൻധൻ പദ്ധതിപ്രകാരം പ്രതിമാസം 3000 രൂപയുടെ പെൻഷൻ പദ്ധതി നടപ്പാക്കി. ആശവർക്കർമാർക്കും ആശ്രിതർക്കുമായി പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനപ്രകാരം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
SUMMARY: Center increases monthly incentive for ASHAs to Rs 3,500