കൊച്ചി: മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയുടേത് കൊലപാതകം തന്നെ. കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന്‍ പോലീസിനോട് പറഞ്ഞു. സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പോലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആറാം തിയതി രാത്രി ഇരുവരും തമ്മില്‍ കണ്ടപ്പോള്‍ ചില സംശയങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും അലന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തര്‍ക്കമുണ്ടായത്.
ആ സമയത്ത് അലന്‍ മദ്യലഹരിയിലുമായിരുന്നു. തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് അലന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി. വിജനമായ സ്ഥലത്ത് അലന്‍ ബൈക്ക് നിര്‍ത്തുകയും കല്ല് കൊണ്ട് പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കാലടി പോലീസാണ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു കാണാതായത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
SUMMARY: Chitrapriya’s death a murder; male friend arrested














