ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ ഒൻപത് കുട്ടികൾ മരിച്ചതിനെ തുടർന്നാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയത്. ഈ വിഷയത്തിൽ കേന്ദ്രം പുതിയ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
DGHS (Directorate General of Health Services) issues advisory on rational use of cough syrups in paediatric population
“Cough and cold medications should not be prescribed or dispensed to children under 2 years. These are generally not recommended for ages below 5 years and… pic.twitter.com/gqQ94VJIqx
— ANI (@ANI) October 3, 2025
പ്രധാന നിർദ്ദേശങ്ങൾ:
▪️ചുമ മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദ്ദേശത്തിനും ശേഷം മാത്രം മതിയാകും.
▪️രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം മരുന്ന് ഇതര രീതികൾ ആയിരിക്കണം.
▪️എല്ലാ ആരോഗ്യ സ്ഥാപനങ്ങളും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക.
▪️മരുന്ന് നിർദ്ദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങൾ അടക്കം ജാഗ്രത പാലിക്കണം.
സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ ചുമമരുന്ന് കഴിച്ച് ഒമ്പത് കുട്ടികളാണ് മരിച്ചത്. രാജസ്ഥാനിൽ രണ്ട് കുട്ടികളും മരിച്ചു. പത്ത് കുട്ടികൾ നിലവിൽ ചികിത്സയിലാണ്. 1400 കുട്ടികൾ രാജസ്ഥാനിൽ നിരീക്ഷണത്തിലാണ്. മരണകാരണം ചുമ മരുന്ന് കഴിച്ചതാകാമെന്നാണ് നിഗമനം. ഐസിഎംആർ ഉൾപ്പെടെയുള്ള വിശദമായ പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. കുട്ടികളുടെ മരണം കഫ് സിറപ്പ് മൂലമാണെന്ന ആരോപണത്തെ തുടർന്ന് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഡിഎസ്സിഒ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങളൊന്നും കണ്ടെത്താനായില്ല.
SUMMARY: Cough medicine should not be given to children under two years of age: Ministry of Health