കണ്ണൂര്‍: കോടതി മുറിയില്‍ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവത്തില്‍ സിപിഎം വനിതാ നേതാവിന് കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും വിധിച്ചു. ചൊവ്വാഴ്ച കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി. ജ്യോതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളുടെ ദൃശ്യം പകര്‍ത്തുന്നതിനിടെ ജഡ്ജാണ് കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് അഞ്ച് മണി വരെ കോടതിയില്‍ നില്‍ക്കാനും 1000 രൂപയും പിഴയും അടക്കാനും കോടതി ഉത്തരവിട്ടു. ആദ്യം മാപ്പ് അപേക്ഷ എഴുതി നല്‍കാന്‍ വനിതാ നേതാവ് വിസമ്മതിച്ചു. തുടര്‍ന്നാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് മാപ്പപേക്ഷ എഴുതി നല്‍കാന്‍ തയ്യാറായതോടെ കോടതി പിഴ വിധിച്ചുകൊണ്ട് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. 20 പ്രതികളാണ് കേസിലുള്ളത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള കേസിലെ സാക്ഷി വിസ്താരമടക്കമുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഫോട്ടോയെടുത്ത സംഭവമുണ്ടായത്.
SUMMARY: CPM woman leader jailed until court adjourns for taking photos of accused in courtroom, fined Rs 1000