തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചു. നാലുവർഷത്തേക്കോ 65 വയസ് തികയുന്നത് വരെയുമാണ് നിയമനം. സുപ്രിംകോടതി ഇടപെടലിന് ശേഷമാണ് ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇപ്പോള്‍ സമവായമുണ്ടായിരിക്കുന്നത്.
ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാലയുടെ പ്രഥമ വിസിയായിരുന്നു. ഐഐഎസ്-സി ബെംഗളൂരുവില്‍ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ സജി ഗോപിനാഥ് കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫസറാണ്. കേരള അക്കാദമി ഓഫ് സ്കിൽസ് ഡയറക്ടർ, മുഖ്യമന്ത്രിയുടെ ഹൈപവർ ഐടി കമ്മിറ്റിയംഗം, കേരള സ്റ്റാർട്ടപ്പ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഡോ. സിസാ തോമസ് നിലവിൽ ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വിസിയാണ്. കെടിയുവിന്റെയും താൽക്കാലിക ചുമതല വഹിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടർ, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരുവരെയും നിയമിക്കുന്ന വിവരം ഗവർണർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, കെടിയു താൽക്കാലിക വിസി ചുമതലയിലുള്ള ഡോ. ശിവപ്രസാദ് നവംബർ 31ന് കുസാറ്റിൽ നിന്ന് രാജിവച്ചിട്ടും സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി തുടരുകയായിരുന്നു. കുസാറ്റിലെ പ്രൊഫസർ എന്ന നിലയിൽ അധിക ചുമതലയായിരുന്നു ഗവർണർ ശിവപ്രസാദിന് നല്കിയത്.
SUMMARY: Dr. Saji Gopinath Digital VC, Sisa Thomas KTU VC














