മലപ്പുറം: ഹോൺ അടിച്ചു ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് മദ്യപാനികൾ കാർ കത്തിച്ചതായി പരാതി. നിലമ്പൂർ സ്വദേശി ഡോ. അസറുദീന്റെ കാറാണ് കത്തിച്ചത്. ബന്ധുവീട്ടിൽ നിർത്തിയിട്ട അസറുദീന്റെ കാർ കത്തിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം.
നിലമ്പൂർ കോടതിപ്പടിക്ക് സമീപമുള്ള ബന്ധു വീട്ടിൽ എത്തിയതായിരുന്നു ഡോ. അസറുദീൻ. ബാറിനോട് ചേർന്നാണ് ബന്ധു സ്വപ്നയുടെ വീട്. മദ്യം വാങ്ങാൻ എത്തിയവർ ഹോണടിച്ച് ശല്യപ്പെടുത്തിയത് അസറുദീൻ ചോദ്യം ചെയ്തു. ഇതാണ് കാർ കത്തിക്കാൻ കാരണമെന്നാണ് പരാതി.
പുലർച്ചെ ഒന്നരയോടെയാണ് ബൈക്കിൽ എത്തിയ മൂന്നംഗ സംഘം ഗെയ്റ്റ് തുറന്ന് കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് കാർ കത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പറ്റി വിവരം ലഭിച്ചതായാണ് സൂചന.
SUMMARY: Drunkards set doctor’s car on fire after questioning him about honking














