ബെംഗളൂരു: എയ്ഡഡ് സ്‌കൂളുകളിലേക്ക് 6,000 ഗസ്റ്റ് അധ്യാപകരും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 12,000 അധ്യാപകരും ഉള്‍പ്പെടെ 18,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു എസ്. ബംഗാരപ്പ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 11 മാസത്തിനുള്ളില്‍ ഏകദേശം 13,500 അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് നിയമിച്ചതായി അദ്ദേഹം പറഞ്ഞു.
എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ അനുവാദമുണ്ടാകും. 1996 നും 2005 നും ഇടയില്‍ സ്ഥാപിതമായ അണ്‍ എയ്ഡഡ് കന്നഡ മീഡിയം സ്‌കൂളുകളെ എയ്ഡഡ് സ്ഥാപനങ്ങളായി ഉയര്‍ത്താന്‍ വകുപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിന് 800 കോടി രൂപ ആവശ്യമായി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിഇടി, സിഇടി പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കും.
അടുത്ത അധ്യയന വര്‍ഷം മുതല്‍ കിഡ്വായ് കാന്‍സര്‍ ആശുപത്രിക്ക് സമീപം കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ സ്‌കൂളും അടച്ചുപൂട്ടില്ലെന്നും കുട്ടികളുടെ എണ്ണം കുറവാണെങ്കില്‍, ആ സ്‌കൂള്‍ അടുത്തുള്ള ഒരു സ്ഥാപനവുമായി ലയിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
SUMMARY: Education Minister Madhu Bangarappa says 18,000 more teachers will be recruited in Karnataka