ARTICLES

അധ്യായം 9 📖 ഗ്രാമീണ വിശുദ്ധി

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

കൃഷി ഉപജീവനമാക്കിയ സാധാരണക്കാരായിരുന്നു എന്റെ ഗ്രാമത്തിലെ ഭൂരിഭാഗവും. തലക്കുട ചൂടി മുട്ടറ്റമെത്തുന്ന തോർത്തുമുണ്ടുടുത്തു പുരുഷന്മാരും പിരിയോല വെച്ചു സ്ത്രീകളും ഇരുട്ടുംവരെ മണ്ണോടു മല്ലടിച്ചിരുന്നു. പ്രത്യേക ശബ്ദമുണ്ടാക്കി മൂരിക്കുട്ടന്മാരെ നിയന്ത്രിച്ചു നിലം ഉഴുതുമറിക്കുന്ന പുരുഷന്മാരും വസ്ത്രം മുട്ടറ്റം കയറ്റിക്കുത്തി വടക്കൻപാട്ടിന്റെ അകമ്പടിയോടെ ഞാറുനടുന്ന സ്ത്രീകളും മനോഹരമായ കാഴ്ചയായിരുന്നു. കോണകവും തോർത്തുമുണ്ടും തലേക്കെട്ടുമാണ് അച്ഛച്ഛന്റെ സ്ഥിരം വേഷം. പണി കഴിഞ്ഞാൽ പുഴയിൽ കുളിച്ചു തലേക്കെട്ടിയ മുണ്ടു കുടഞ്ഞുടുത്തു തോർത്തു തലേക്കെട്ടിയുമാണ് പിന്നീടുള്ള യാത്ര. തികഞ്ഞ കർത്തവ്യ ബോധത്താടെ ജോലി ചെയ്തിരുന്ന പണിക്കാർക്കൊപ്പം ഉടമകളും മണ്ണിൽ വിയർപ്പൊഴുക്കിയിരുന്നു. വിളയ്ക്കനുസൃതമായ കൂലിവ്യവസ്ഥ ആയതിനാൽ വിളവ് കൂട്ടാൻ വേണ്ടി പണിക്കാർ കയ്യും മെയ്യും മറന്ന് ആത്മാർഥതയോടെ അത്യദ്ധ്വാനം ചെയ്‌തിരുന്നു.

കന്നിയിലും കരത്തിലുമായി രണ്ടു പ്രാവശ്യമാണു വിളവെടുപ്പ്. അതിനായി രണ്ടു രീതിയിലാണു ഞാറ് തയ്യാറാക്കുക. ഐയ്യാറെട്ട്, ചിറ്റേനി, കയമ തുടങ്ങിയവയാണു പ്രധാന വിത്തുകൾ. കാലവർഷം തുടങ്ങിയാൽ വയൽ ഉഴുതുമറിച്ചു പാകപ്പെടുത്തി വിത്തിടുന്നതാണ് ഒരു രീതി. ഉണക്കി സൂക്ഷിച്ച വിത്തു നനച്ചു ചാക്കിലിട്ട് അതിനുമേലെ ഭാരമുള്ള കല്ലുവെച്ചു മുളപ്പിക്കുന്നതാണു മറ്റൊരു രീതി. മുളച്ച വിത്ത് മൂന്നാം ദിവസം കണ്ടത്തിൽ വിതറും. ഞാറ് ഒരടി ആകുമ്പോഴേക്കും കണ്ടം ഉഴുതുമറിച്ചു നടാൻ തയ്യാറാക്കും. രണ്ടാൾ അകലത്തിൽ നിന്നു പിറകോട്ട് നടന്നാണ് ഞാറു നടുക. പിന്നീടാണു കള പറിക്കൽ. ഞാറിനിടയിൽ വളരുന്ന പാഴ്പെടിയാണു കള. വളം മുഴുവൻ വലിച്ചെടുക്കുന്ന കളയിൽ നെല്ലിനു പകരം വെറും തുളിയാണ് ഉണ്ടാവുക. കൊയ്ത്ത്, കറ്റമെതിക്കൽ, തുളിചാറ്റൽ എന്നിവയാണു പിന്നീടുള്ള പണികൾ. കാറ്റോല കൊണ്ടു വീതാണു തൂളി ചാറ്റുക.

ആനപ്പാലത്തും പരിസരത്തുമുള്ള മിക്കവരുടെയും സ്വത്തുക്കൾ കല്ലുവളപ്പിലും ചായ്പ്‌പൊയിലുമാണ്. പുലർച്ചെ നിരത്തിലൂടെ ആളുകൾ ഉറക്കെ വർത്താനം പറഞ്ഞു പോകുന്നതു പതിവായിരുന്നു. ചൂട്ടകത്തിച്ച് ഒരുമിച്ചാണ് ഇവർ കൃഷിയിടത്തിലേക്കു പോകുക. കുളുത്ത ചോറ് കത്തലടക്കി പോകുന്ന ഇവർ ഉച്ചയ്ക്കു കളത്തിൽനിന്നാണു ഭക്ഷണം ഉണ്ടാക്കി കഴിക്കുക. പുല്ല്, വിറക്, ഓല, തേങ്ങ എന്നിവ തലച്ചുമടായി സ്ത്രീകളും മട്ടലിന്റെ ഇരുവശത്തും തേങ്ങയും മറ്റും ചുമലിൽ താങ്ങി പുരുഷന്മാരും വീട്ടിലെത്തുമ്പോഴേക്കും ഇരുട്ടിയിരിക്കും. കൃഷിയും അനുബന്ധ പണികളുമായി കഴിഞ്ഞിരുന്ന അച്ഛനമ്മമാരുടെ സാന്നിധ്യം കുഞ്ഞുങ്ങൾക്ക് അന്യമായിരുന്നു.

കരയുമ്പോൾ നിപ്പിളിട്ട മുലക്കുപ്പിയിൽ നൽകുന്ന പാൽ കുടിച്ചാണു കുഞ്ഞുങ്ങൾ ഉമ്മിഞ്ഞിപ്പൂതി മാറ്റിയിരുന്നത്. കുട്ടികൾ സദാസമയവും തള്ളവിരൽ ഈമ്പിക്കൊണ്ടിരിക്കും. രാത്രികാലങ്ങളിൽ അമ്പിളിമാമനെ കാണിച്ചാണു കുട്ടികളെ ഊട്ടിയിരുന്നത്. കുട്ടികൾക്കു രണ്ടു വയസ്സായാൽ കാഞ്ഞിരത്തിൻ്റെയോ വേപ്പിന്റെയോ കയ്‌പുള്ള ഇലയുടെ നീര് നീര് മുലക്കണ്ണിൽ തേച്ചാണ് അമ്മമാർ മുലകുടി നിർത്തിക്കുക. കണ്ണ് മുറിഞ്ഞാലും കരട് വീണാലും മുലപ്പാൽ വെറ്റിലയിൽ കറന്നെടുത്ത് ഉറ്റിക്കും. ചെങ്കണ്ണിനും വലിയ മുറിവിനും ഇളനീർക്കുഴമ്പാണു മരുന്ന്. മെളിച്ചിലിൻ്റെ തോടിൽ ഒഴിച്ചാണ് ഇളനീർക്കുഴമ്പ് കണ്ണിൽ ഉറ്റിച്ചിരുന്നത്. ഇതിനു തീവ്രമായ എരിച്ചിലായിരിക്കും.

വിശേഷ ദിവസങ്ങൾ എല്ലാവരും മുറ തെറ്റാതെ ആഘോഷിച്ചിരുന്നു. ഉച്ചാറ്, വിഷു, കർക്കടവാവ്, ഓണം, തുലാപ്പത്ത് എന്നിവ വിശ്രമ ആഘോഷങ്ങളായിരുന്നു. ഓണാവധി പരീക്ഷയ്ക്കു ശേഷമായതിനാൽ ഞങ്ങൾക്കും കുശാലായിരുന്നു. ഒന്നാം നാൾ അത്തം. അന്നു ശീപോതിയാണ് ഇടുക. പിന്നീടു കൊമ്മയുണ്ടാക്കി തോട്ടത്തിലും വയലിലും പുഴക്കരയിലുമെല്ലാം പൂവ് തേടിയുള്ള അലച്ചിലായിരിക്കും. അരിപ്പുവ്, തുമ്പപ്പൂവ്, കാക്കപ്പൂ, തീട്ടപ്പെലാല, ചെക്കിപ്പൂ, ചെറുനീല, തൊട്ടാവാടി, പെഗോഡ, നന്ത്യാർ വട്ടം തുടങ്ങിയ പൂവുകൾകൊണ്ടാണ് ഓണപ്പൂക്കളം ഒരുക്കിയിരുന്നത്. ഒന്നാം ഓണത്തിനാണു കുട്ടികൾ കോടിവസ്ത്രം ഇട്ടിരുന്നത്. തിരുവോണ ദിവസം ഉച്ചയ്ക്കു പൂക്കളം വാരി പുഴയിലൊഴുക്കും. ചെറുപ്പം മുതൽ അമ്മമ്മ എനിക്ക് ഓണക്കോടി വാങ്ങിത്തന്നിരുന്നു. ഓണത്തിന് ഇട്ടശേഷം സർഫിൽ അലക്കിയുണക്കി തേച്ചുമടക്കി ഇരുമ്പുപെട്ടിയിൽ സൂക്ഷിക്കും. പിറ്റേ വർഷത്തെ ഓണത്തിനാണ് ഇതു സ്ഥിരമായി ഇടുക. അതുകൊണ്ട് എപ്പോഴും ഒരു ജോഡി പുത്തൻ ഡ്രസ്സ് എൻ്റെ പെട്ടിയിൽ ഉണ്ടാകും.

ചതയം എന്നെ സംബന്ധിച്ചു വിലക്കുകളില്ലാത്ത ദിവസമാണ്. ചതയത്തിൻ്റെ തലേ ദിവസം രാത്രി മരുന്നൻപൊയിലിൽ പോകാനും പരിപാടികളിൽ പങ്കെടുക്കാനും വീട്ടുകാർ അനുവദിച്ചിരുന്നു. അവിട്ടം നാളിൽ സന്ധ്യയ്ക്കു മിക്ക വീടുകളിലും പീടികകളിലും മെഴുകുതിരി കത്തിക്കും. കോലായി വെളുമ്പത്ത് നിരനിരയായാണു മെഴുകുതിരി കൊളുത്തുക. മരുന്നൻപൊയിൽ ദിവസങ്ങൾക്കു മുന്നെ ചതയാഘോഷത്തിനായി ഒരുങ്ങും.

ചുറ്റും കുരുത്തോല കൊണ്ട് അലങ്കരിച്ചു മോടി കുട്ടിയിടത്തു പ്രത്യേക പീഠത്തിൽ ശ്രീ നാരായണ ഗുരുദേവൻ്റെ ഫോട്ടോ വെയ്ക്കും. ചെമ്പരത്തിപ്പൂവും തുളസിയിലയും കോർത്ത മാല ചാർത്തി മുന്നിൽ വിളക്കു കത്തിക്കും. വീടുകളിൽനിന്നു പായസ ത്തിനാവശ്യമായ തേങ്ങ ശേഖരിക്കാൻ മുതിർന്നവരോടൊപ്പം ഞങ്ങളും പോയിരുന്നു. പല വീടുകളിലും ചതയാഘോഷത്തിനായി ഒരു തെങ്ങ് നീക്കി വെച്ചിരുന്നു. പായസത്തിനു കഴിച്ചു ബാക്കിയുള്ള തേങ്ങ ലേലം ചെയ്‌താണ് അരി, വെല്ലം, മൈക്ക് വാടക എന്നിവയ്ക്ക് നൽകുക. ചതയനാളിൽ ശ്രീ നാരായണ മഠങ്ങളിൽ നിന്നു പായസം കഴിക്കുന്നതു പുണ്യമായാണു കരുതുന്നത്.

ചതയത്തിനും വിഷുവിനും നടത്തുന്ന നാടകം തുടങ്ങിയ കലാപരിപാടികളിലാണു പ്രദേശത്തെ കലാകാരന്മാർ അരങ്ങേറ്റം നടത്തിയിരുന്നത്. ഇത്തരം നാടകത്തെ വെള്ളേരി നാടകം എന്നാണു വിളിച്ചിരുന്നത്. വെള്ളേരി പറിച്ചതിനു ശേഷമാണു സാധാരണ ഈ നാടകം. അതുകൊണ്ടാണു വെള്ളരിനാടകം എന്ന് വിളിപ്പേര്. വട്ടപ്പറമ്പത്ത് നാണു, വടക്കെയിൽ ചട്ടമ്പി ചന്ദ്രൻ, സുരേഷ് എന്നിവരായിരുന്നു ആനപ്പാലത്തെ പ്രധാന നാടക നടന്മാർ. ചതയത്തോടെ ഓണാവധി തീരും.

ഓണക്കാലത്തെ പ്രധാന വിനോദം ഊഞ്ഞാലാട്ടമാണ്. പശുവിനെ കെട്ടിയ പഴയ കയറുകൾ കൊണ്ടാണ് ഊഞ്ഞാൽ കെട്ടുക. അതിനെ ചുറ്റിപ്പറ്റി കുറെ ആട്ടപ്രേമികളും. ഇത്രഎണ്ണം വെച്ചാണ് ഓരോരുത്തരും ആട്ടുക. വേഗത്തിൽ ആട്ടാൻ തുടങ്ങിയാൽ പേടിത്തൊണ്ടന്മാർ കരഞ്ഞ് ബഹളം വെച്ച് ആട്ടം നിർത്തിക്കും. ഇവരുടെ ബാക്കിയാട്ടം അവരെ ആട്ടിയവർക്കാണ്. അതിനു വേണ്ടിയാണു വേഗത്തിൽ ആട്ടുന്നത്.

നല്ലോര്യാളിന് ഇറച്ചി നിർബന്ധമായിരുന്നു. മുട്ടനാടിനെ അറുത്ത് ഇറച്ചി സമമായി ഓതിവെയ്ക്കും. ആടിൻ്റെ വില തുല്യമായി പങ്കിട്ടു നൽകുന്ന സമ്പ്രദായമായിരുന്നു അന്ന്. ആനപ്പാലത്തിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിൽനിന്ന് ആടുകളെ അറക്കുമ്പോൾ ഞങ്ങളുടെ ഓതിയോടൊപ്പം ആട്ടിൻകുടലും കുയിമ്പിൽ എത്തിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി അമ്മമ്മ വർഷങ്ങളോളം ആട്ടിൻകുടൽ കഴിച്ചിരുന്നു. അന്നു കഴിച്ചു ശീലിച്ച ആട്ടിൻ കുടൽ ഇന്നും എനിക്കേറെ ഇഷ്ടമാണ്.

ശരീരം മുഴുവൻ പഴുപ്പു മാതിരിയുള്ള അസുഖം വർഷങ്ങളോളം അമ്മമ്മയെ അലട്ടിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അമ്മമ്മ അസുഖം മൂർച്ഛിച്ചു മരണപ്പെടുമെന്ന ഘട്ടത്തിലെത്തിയിരുന്നു. അമ്മമ്മയെ കാണാൻ എല്ലാ ദിവസവും ബന്ധുക്കളും പരിചയക്കാരുമായ നിരവധിയാളുകൾ വീട്ടിൽ വന്നിരുന്നു. പല ദിവസങ്ങളിലും അമ്മമ്മയെ വാഴയിലയിൽ കിടത്തുകയും അടുത്തു നിലവിളക്കിൽ ഒരു തിരി കത്തിക്കുകയും ചെയ്തിരുന്നു. അസുഖം മൂർച്ഛിച്ച് ഒരു ദിവസം കോഴിക്കോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിൽ അതുവഴി പോയിരുന്ന ഡോക്‌ടർ അബ്‌ദുൾ റഹ്‌മാനെക്കൊണ്ട് അമ്മമ്മയെ പരിശോധിപ്പിച്ചു. കൈവേലിക്കൽ പ്രാക്‌ടീസ് ചെയ്തിരുന്ന അദ്ദേഹം കടവത്തൂരിൽനിന്നു സ്കൂട്ടറിലാണ് ആനപ്പാലം വഴി പോയിരുന്നത്.

1976ലെ ആ ആഴ്ച്‌ച മുതൽ അമ്മമ്മയുടെ അസുഖം ഭേദമായിത്തുടങ്ങി. ഇതിനു ശേഷവും ചൂടുകാലങ്ങളിൽ ഈ അസുഖം അമ്മമ്മയെ അലട്ടിയിരുന്നു. പിന്നിടു ജീവിതകാലം മുഴുവൻ അമ്മമ്മയെ ചികിത്സിച്ചത് ഡോക്‌ടർ അബ്‌ദുൾ റഹ്‌മാനാണ്. കടവത്തൂരിലെ അദ്ദേഹത്തിൻ്റെ വീട്ടിലെ കിണറിൻ്റെ പാതി കുളിമുറിയുടെ അകത്തും ബാക്കി പുറത്തുമാണ്. പിന്നീടു കല്ലിക്കണ്ടി എടുത്തു വീടെടുത്ത് പ്രാക്‌ടീസ് തുടങ്ങിയ അദ്ദേഹത്തിന്റെ അടുത്തു മാത്രമേ എന്ത് അസുഖം വന്നാലും അമ്മമ്മ പോയിരുന്നുള്ളൂ.

മധ്യവേനലവധിക്കു തിണ്ടിൻമേലും നിരത്തരികിലും കുട്ടി ചന്തകളുയരും. കരിച്ചോലകൊണ്ടാണു ചന്തകെട്ടുക. കുരുത്തോലയും ഈന്തിൻപട്ടയുംകൊണ്ട് അലങ്കരിച്ച് ചന്ത മോടികൂട്ടും. പ്രൈസ് ബോർഡ്, മുട്ടായി, നാരങ്ങ, കടല, മുന്തിരി, ഉപ്പിലിട്ട നെല്ലിക്ക എന്നിവയാണു കുട്ടിച്ചന്തയിലുണ്ടാവുക. പൊട്ടാസിനു തിരികൊളുത്തി വിഷുവിൻ്റെ വരവറിയിക്കുന്നതു ചന്തകളിൽ നിന്നാണ്. കാന്താരിപ്പൊട്ടാസ്, കമ്പിത്തിരി, പൂക്കുറ്റി, പാമ്പുഗുളിക, കുത്തിപ്പൊട്ടാസ്, എലിവാണം, ചേരട്ടപ്പൊട്ടാസ്, ആറ്റംബോംബ് എന്നിവയുടെ വില ചോദിക്കാനും കാണാനുമായി പെൺകുട്ടികളടക്കം ചന്തകളിൽനിന്നു ചന്തകളിലേക്കു നീങ്ങും. ഇഷ്ടപ്പെട്ടവരുമായി ലപ്പിക്കാനായിരുന്നു ചിലരുടെ ഈ വരവ്.

എല്ലാവരെയും ‘ബാബൂജി….. ബാബുജി…..’ എന്നു വിളിക്കുന്ന അന്യഭാഷക്കാരായ യാചകർ എത്തുമ്പോൾ ഞങ്ങള വരെ കളിയാക്കിയിരുന്നു. ഇതു കണ്ടാൽ അമ്മമ്മ ദേഷ്യപ്പെടും. വീട്ടിൽ വന്നിരുന്ന യാചകർക്ക് അരിയോ തുണിയോ പൈസയോ അമ്മമ്മ ദാനം ചെയ്തിരുന്നു.

‘അമ്മി കൊത്താനുണ്ടോ…… അമ്മി…. അമ്മി….കൊത്താ നുണ്ടോ….. അമ്മി….’ എന്നുറക്കെ ചോദിച്ചുകൊണ്ടു തമിഴ് സ്ത്രീകളുടെ വരവുണ്ടാകും. തലയിൽ മുട്ടികയും ഭാണ്ഡക്കെട്ടും മാറത്തു തൂക്കിയ തുണിയിൽ കുട്ടിയെ കിടത്തിയുമുള്ള നാടോടികളുടെ വിളിയൊച്ച കേൾക്കുമ്പോൾ ഇവരെ കാണാൻ ഞങ്ങൾ റോഡരുകിൽ ചെന്നുനിൽക്കും. കലാപരിപാടികളിൽ പ്രച്ഛന്നവേഷത്തിലെ സ്ഥിരം കഥാപാത്രമാണിവർ.

നല്ലോരാളിനു കൈനോട്ടക്കാരുടെ ഒരു വരവുണ്ട്. തത്ത കൊത്തിയെടുക്കുന്ന ദൈവത്തിൻ്റെ ചിത്രം നോക്കി ഭാവി പ്രവചിക്കുന്ന ഇവരുടെ ഇരകൾ പ്രായമുള്ള പെണ്ണുങ്ങളായിരിക്കും. പിടിയോടു കൂടിയ വട്ടത്തിലുള്ള ലെൻസുവെച്ചാണു കൊറോനും കൊറത്തിയും കൈരേഖ നോക്കുക. കുടുംബമഹിമ, സ്വഭാവ ഗുണം, ദാനശീലം എന്നിവ പുകഴ്ത്തിപ്പറഞ്ഞാണ് ഇവർ ആളുകളെ കയ്യിലെടുക്കുക.

ചട്ടിയും കലവും വിൽക്കാനും തെങ്ങിനു കമ്പി കെട്ടാനും ആളുകൾ വീടുവീടാന്തരം വരുമായിരുന്നു. ചട്ടിയും കലവും വിൽക്കാനെത്തുന്നവരും പെണ്ണുങ്ങളും തമ്മിൽ വിലപേശൽ സാധാരണമാണ്. ചാണകം തേച്ചു വെള്ളം തിളപ്പിച്ചാണു ചട്ടി പാകപ്പെടുത്തുക. പുരയ്ക്കുമേലെ ചായുന്ന തെങ്ങിനെ മറ്റൊരു തെങ്ങിലേക്കു വലിച്ചുകെട്ടാനാണു കമ്പികെട്ടുകാരുടെ വരവ്. രണ്ടു ഭാഗത്തു കപ്പികളുള്ള കയറുകൊണ്ടു വലിച്ചാണു കമ്പികെട്ടുക. ഞങ്ങൾ ഈ കമ്പിയിൽ കൂടി സർക്കസുകാരെപ്പോലെ നടന്നു കളിക്കുമായിരുന്നു.

വിഷുവിനു വീടിൻ്റെ എറയത്ത് വെള്ളരിക്കയോടൊപ്പം കൊന്നപ്പൂ കെട്ടിത്തൂക്കും. താഴെ കുന്നോത്തുപറമ്പിലെ മില്ലിന്റെ മുമ്പിലത്തെ മുസ്ലീം വീട്ടിൽ നിന്നാണു കൊന്നപ്പൂ പറിച്ചിരുന്നത്. പൊട്ടാസ് പൊട്ടിച്ചു കണ്ണും മുഖവും ഇല്ലാണ്ടാക്കരുതെന്ന അമ്മമ്മയുടെ വഴക്കു പറച്ചിൽ വിഷു കഴിയുവോളം തുടരും. ഒരിക്കൽ വിഷുവിനു പൊട്ടാസ് പൊട്ടിക്കുമ്പോൾ കാലിൽ തെറിച്ച് എനിക്കു പൊള്ളലേറ്റിരുന്നു. ചെറുപ്പത്തിലെ ആ വിഷു ആഘോഷത്തിന്റെ ഓർമ്മയെന്നവണ്ണം അന്നത്തെ പൊള്ളലിൻ്റെ പാട് വലതുകാലിന്റെ മുട്ടിനു താഴെ ഇന്നും തെളിഞ്ഞു കാണാനുണ്ട്.

ഭൂസ്വാമിമാരുടെ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ആഘോഷമാണു തുലാപ്പത്ത്. കന്നിക്കൊയ്ത്‌തും മെതിയും കഴിഞ്ഞു പുല്ലുണക്കി പുല്ലേരി ചായ്ച്ചു കഴിഞ്ഞാൽ ഭൂസ്വാമിമാർ പണിക്കാർക്ക് അനുവദിച്ചിരുന്ന വിശ്രമദിനങ്ങളായിരുന്നു തുലാം പത്തും പതിനൊന്നും. നായാട്ടിനു പോയും മാംസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യ ഒരുക്കിയുമാണു തുലാപ്പത്ത് ആഘോഷമാക്കിയത്. തുലാം പത്തിനും പതിനൊന്നിനും പുലർച്ചെ വീട്ടുകോലായിൽ ഗണപതിക്കു വെക്കും. നിറവിളക്കിനു മുന്നിൽ കിണ്ടിയിൽ വെള്ളം, നിറനാഴി അരി, ഇളനീർ, ചന്ദനത്തിരി, വെറ്റിലടക്ക, പഴം അവിൽ, വെല്ലം, എന്നിവയാണു ഗണപതിക്കുള്ള നിവേദ്യം.

വീടുകൾ അകലത്തായതിനാൽ നായാട്ടിനു പോകാൻ ഇറങ്ങിയവർ കുക്കി വിളിച്ചാണു മറ്റുള്ളവരെ വരുത്തുക. വേട്ടയാടാൻ കാടുകയറുന്നവർ സ്വന്തമായി കൃഷിയിറക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതും ഈ ദിവസങ്ങളിലാണ്. കാട് വെട്ടിത്തെളിച്ചുള്ള കൂട്ടുകൃഷിയിടമാണു പൊനം. കൃഷിയിറക്കുന്നതു മുതൽ വിളവെടുപ്പുവരെ പൊനത്തിൽ താമസിച്ചാണ് ഇവർ കാര്യങ്ങൾ നോക്കിയിരുന്നത്. മാസങ്ങളോളം അവിടെ താമസിക്കേണ്ടതിനാൽ ആവശ്യമായ പലചരക്കുമായാണു മലകയറ്റം. വീട്ടുകോലായിൽ നിവേദ്യംവെച്ചു ഞാനും കുക്കിവിളിച്ചിരുന്നു. ഒരിട ത്തുനിന്നു കൂക്കിവിളി കേട്ടാൽ മറുകുകലുകൾ ഉയരും. കൂകുന്ന കുട്ടികൾ ഉറക്കത്തിലേക്കു വഴുതി വീഴുമ്പോഴും ഇരുളിൻ്റെ മറവിൽനിന്ന് അപശബ്ദമുണ്ടാക്കി അവരെ പേടിപ്പിച്ച് അകത്തേക്ക് ഓടിച്ചു നിവേദ്യങ്ങൾ അടിച്ചുമാറ്റുന്നതു യുവാക്കളുടെ ഹരമായിരുന്നു. ഇളനീർ കുടിച്ചശേഷം കിണ്ടിയിലെ വെള്ളം അതിലൊഴിച്ചുവെച്ച് വികൃതികൾ ഒപ്പിച്ചിരുന്നു. പുലർച്ചെ ഇഷ്ടമുള്ള പെൺകുട്ടിയുടെ വീട്ടിൽ പോയി അവരെ കാണുന്നതു ഹീറോ പരിവേഷമായിരുന്നു.

പിതൃക്കൾക്കു നിവേദ്യം സമർപ്പിക്കുന്നതും അവലു കുഴയും തുലാപ്പത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. വെല്ലവും തേങ്ങയും കൂട്ടിയിടിച്ച് അവിലും പഴവും ചേർത്ത് അതിൽ ഏലക്കായയും കലർത്തി കുഴച്ച അവിൽ വളരെ രുചികരമാണ്. ഭൂസ്വാമിമാരുടെ കാലഘട്ടവും നായാട്ടുമൊക്കെ കാലഹരണപ്പെട്ടിട്ടും തുലാം പത്തും പതിനൊന്നും ആളുകൾ ഗംഭീരമായി ആഘോഷിക്കുന്നു. ഗണപതിക്കു വെയ്പ്പും കൂക്കിവിളിയും അനുഷ്ഠാനച്ചടങ്ങായി ഇന്നും ചിലയിടങ്ങളിൽ നിലനിൽക്കുന്നു.

ഭൂസ്വാമിമാർ പണിക്കാർക്ക് അനുവദിച്ചു നൽകിയ മറ്റൊരു വിശേഷദിനമാണ് ഉച്ചാർ. മകരക്കൊയ്ത്‌തു കഴിഞ്ഞു വയലുകളിൽ അടുത്ത വിത്തിറക്കും വരെയുള്ള കാലയളവിൽ വിളവെടുക്കാൻ പറ്റുന്ന ചെറുകൃഷികൾ ചെയ്യാൻ പണിക്കാർക്ക് അനുവാദം നൽകിയിരുന്നു. വെള്ളേരി, മമ്പയറ്, പച്ചക്കറികൾ എന്നിവയാണ് ഇങ്ങനെ കൃഷി ചെയ്തിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്തവർ കൃഷിയിറക്കാൻ കിട്ടിയിരുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. വയലിലെ കട്ട ഉടച്ചു കുഴിയെടുത്തു നെലോതിക്ക കൊണ്ടു അടിച്ചു മിനുസപ്പെടുത്തി ചാണകവും വെണ്ണീറും ചേർത്ത മണ്ണിലാണു വെള്ളരി നടുക. ‘ഉച്ചാർ ഉച്ചയ്ക്കു വെള്ളേരി നട്ടു വിഷുൻ്റെ തലേന്നു വെള്ളേരി പറിക്കും’ എന്നൊരു പറച്ചിലുണ്ടാരുന്നു. വെള്ളേരിയോടൊപ്പം ബത്തക്കയും നടുമായിരുന്നു.

വെള്ളേരിക്ക തെങ്ങോലക്കണ്ണിയിൽ കോർത്ത് അകത്തെ പിട്ടത്തിലാണു കെട്ടിത്തൂക്കുക. ഏറ്റവും വലിയ വെള്ളേരിക്ക കോലായിൽ സന്ധ്യാവിളക്കു കൊളുത്തുന്നതിനു നേരെ മുകളിൽ ഞാലിയിൽ തൂക്കിയിടും. പൊട്ടിക്കണ്ണു കൊള്ളാതിരിക്കാൻ വെള്ളേരിക്കയിൽ നൂറ് കൊണ്ടു കണ്ണു കുത്തും. വെള്ളേരിക്കയിൽ നൂറു കുത്തുക കുട്ടികളാണ്. ഒരിക്കൽ വെള്ളേരിക്കക്കു നൂറു കുത്തുമ്പോൾ കൈപൊള്ളി ദിവസങ്ങളോളം ഭക്ഷണം കഴിക്കാൻ ഞാൻ ബുദ്ധിമുട്ടിയിരുന്നു. പിന്നീടു വെള്ളേരിക്ക് നൂറു തേക്കാൻ അമ്മമ്മ എന്നെ അനുവദിച്ചില്ല. ഉച്ചാറിനും തുലാപ്പത്തിനും സ്കൂൾ അവധിയായിരിക്കും. രണ്ടുമൂന്നു കൂട്ടം കറിയും പപ്പടവും പ്രഥമനുമൊക്കെയുള്ള സദ്യയ്ക്കുശേഷം പറമ്പിലും നിരത്തിലും ഓടിക്കളിച്ചും പുഴയിൽ കുളിച്ചു രസിച്ചും ഞങ്ങളും നല്ലോര്യാള് ആഘോഷമാക്കിയിരുന്നു.

വെള്ളരിപ്പാടം നാടൻപ്രേമങ്ങളുടെ വിളനിലമാണ്. വെള്ളരിക്കാലം കഴിയുന്നതോടെ പലരുടെയും മംഗലം കഴിഞ്ഞിരിക്കും. ആനപ്പാലത്ത് ഏറെ ശ്രദ്ധ നേടിയ പ്രേമമായിരുന്നു തണ്ട്യൻ കൃഷ്‌ണൻ്റെയും കുയിമ്പിൽ യശോദയുടെ മകൾ ശാരദയുടെയും. വിവാഹം കഴിഞ്ഞു രണ്ട് ആൺ മക്കളോടുകൂടി കഴിയുന്നതിനിടയിലാണു ശാരദ കിണറ്റിൽ വീണത്. ബഹളം കേട്ട് അവിടെയെത്തിയ ഞാൻ അവരെ രക്ഷിക്കാൻ കിണറ്റിലിറങ്ങി. മറ്റുള്ളവരുടെ സഹായത്തോടെ കൂട്ടയിലാണു ശാരദയെ മുകളിൽ എത്തിച്ചത്. വീഴ്ച്ചയിൽ രണ്ടു കാലുകളും തളർന്ന ശാരദ ചികിത്സയ്ക്കിടെ മരണപ്പെട്ടു. എൽപി സ്‌കൂളിനടുത്തു ചായക്കച്ചവടം നടത്തിയിരുന്ന കൃഷ്‌ണൻ പ്രദേശത്തെ ആദ്യത്തെ കാർ ഉടമയാണ്. ഇവരുടെ മകൻ അനീഷ് എയർഫോഴ്‌സിലായിരുന്നു. രണ്ടാമത്തെ മകൻ അജീഷ് ഡ്രൈവറാണ്. ശാരദയുടെ അനുജത്തി മാലതിയാണ് കൃഷ്ണൻ്റെ രണ്ടാം ഭാര്യ.

വറുതിയുടെ മാസമായ കർക്കടകത്തിലെ അമാവാസി ബലിയും കൊടുക്കയുമായി ഭക്തിപുരസ്സരമാണ് ആഘോഷിച്ചിരുന്നത്. അച്ഛച്ഛന്റെ തറവാടായ തുപ്പനാറത്ത് വെച്ചായിരുന്നു ഞങ്ങളുടെ കൊടുക്ക. തുപ്പനാറത്തെ തറവാട് വീട് ചിരുത എന്ന കുഞ്ഞമ്മയ്ക്കായിരുന്നു. ഇവരുടെ ഭാഗം വെപ്പിന് ആധാരം എഴുത്തു കല്ലിക്കണ്ടിയിലായിരുന്നു. ചിരുതയുടെ മക്കളാണു തുപ്പനാറത്ത് കുഞ്ഞമ്പു, അനന്തൻ, നാണു എന്നിവർ. ഈ വീടു പുതുക്കിപ്പണിതു മുത്ത മകൻ കുഞ്ഞമ്പുവിൻ്റെ കുടുംബമാണ് അവിടെ താമസിക്കുന്നത്. അനന്തൻ, നാണു എന്നിവരുടെ വീടുകളും ഇതേ പറമ്പിലാണ്. അച്ഛച്ഛൻ്റെ രണ്ടാമത്തെ പെങ്ങൾ മാതുവും മക്കളായ ബാലനും ജാനുവും തൊട്ടടുത്തുതന്നെയാണു താമസിച്ചിത്. തുപ്പനാറത്ത് കുഞ്ഞമ്പു കല്യാണം കഴിച്ചതു കുറ്റേരിയിലെ കല്യാണിയെയാണ്. ചാത്തു, മാലതി, ശ്രീമതി, ഗീത ശൈല, ശശി എന്നിവരാണു മക്കൾ. അനന്തൻ കല്യാണം കഴിച്ചത് കൈവേലിക്കലിലെ കല്യാണിയെയാണ്. സുരേന്ദ്രൻ, ബാബു, രാജീവൻ, പുഷ്പ, ഷീബ, ഷീന, സജീവൻ എന്നിവരാണു മക്കൾ. ഇളയവനായ നാണുവിൻ്റെ ഭാര്യ നപ്പട്ടിനാണിയാണ്. മോഹൻ, ശോഭ, സുധി, സുഗിത എന്നിവരാണു മക്കൾ.

ശുദ്ധിയോടെ പാകം ചെയ്‌ത ഭക്ഷണ പദാർഥങ്ങൾ ബലി തർപ്പണത്തിനു ശേഷം പിതൃക്കൾക്കു സമർപ്പിക്കുന്ന ചടങ്ങാണ് അകത്തുവെയ്ക്കൽ. അതതു കാലത്തെ പുതുവിളകൾ, വെല്ലമിട്ടു പുഴുങ്ങിയ കുമ്പളങ്ങ, പുന്നെല്ലരികൊണ്ട് ഉണ്ടാക്കുന്ന ഒണങ്ങക്കഞ്ഞി, പഴുത്ത ചക്ക, നേന്ത്രക്കായ, ഇളനീർ തുടങ്ങിയവയാണ് അകത്തുവെക്കുന്ന പ്രധാന വിഭവങ്ങൾ. പുതുവിള ആദ്യമായി പാകം ചെയ്യുമ്പോഴും കുടുംബത്തിൽ എന്തെങ്കിലും വിശേഷങ്ങൾ നടക്കുമ്പോഴും ആത്തുവെയ്ക്കും.

കൊയ്ത്തും മെതിയും കഴിഞ്ഞു പുന്നെല്ലു കുത്തിയ അരി കൊണ്ട് ആദ്യമായി പായസം ഉണ്ടാക്കുന്നതിനെ പുത്തരി എന്നാണ് പറയുക. പടിഞ്ഞിറ്റയിൽ നിറദീപവും വാൽക്കിണ്ടിയിൽ വെള്ളവും വെറ്റിലടക്കയും വെച്ച് അതിനു മുന്നിൽ ഒരു വലിയ ഇലയും അഞ്ചു നാക്കിലയുമാണ് നിരത്തുക. മരണപ്പെട്ടുപോയ അമ്മയുടെ അച്ഛ നമ്മ ബന്ധം, അച്ഛൻ്റെ അച്ഛനമ്മ ബന്ധം, പിന്നെ നാൽക്കാലികൾ എന്നിവർക്കാണ് ഈ അഞ്ച് ഇലകൾ. അവിടെ കൂടിയവരുടെ എണ്ണം അനുസരിച്ചും നാക്കില വെക്കണം. സംബന്ധക്കാർക്കും ബന്ധുക്കൾക്കും അകത്തു വെച്ച നാക്കിലയിൽത്തന്നെ നിവേദ്യം വിളമ്പണമായിരുന്നു. അങ്ങനെ കൊടുത്തില്ലെങ്കിൽ അതു വെറുപ്പിനു കാരണമാകും.

ഇലയിൽ കൊടുക്കയുടെ വിഭവങ്ങൾ വിളമ്പി ബന്ധുക്കളെല്ലാം അരി ചാർത്തി പുറത്തിറങ്ങിയ ശേഷം വാതിലടയ്ക്കും. പിതൃക്കൾ നിവേദ്യം സ്വീകരിക്കാൻ എത്തുമെന്ന വിശ്വാസത്തിൽ എല്ലാവരും ഒച്ചയുണ്ടാക്കാതെ കോലായിലേക്കു മാറി നിൽക്കും. കുറച്ചു കഴിഞ്ഞു വീട്ടിലെ മുതിർന്നയാൾ പടിഞ്ഞിറ്റ വാതിലിൽ മൂന്നു പ്രാവശ്യം മുട്ടിയശേഷം വാതിൽ തുറക്കും. എല്ലാവരും അകത്തു കയറി വീണ്ടും അരി ചാർത്തി നിവേദ്യം തിരിച്ചെടുക്കും. വലിയ നിവേദ്യ ഇലയിൽ വിളക്കുതിരി കത്തിച്ചു വെച്ചു വീടിന്റെ തെക്കേ ഭാഗത്തെ കണ്ടത്തിൽ കൊണ്ടു വെയ്ക്കും. ഈ ഇലയിലുള്ള നിവേദ്യം കാക്ക കൊത്തിയാൽ പിതൃക്കൾ നിവേദ്യം സ്വീകരിച്ചു തൃപ്തരായി എന്നാണു വിശ്വസിച്ചുവന്നത്.

ഇതിനോടനുബന്ധിച്ചു വീട്ടുമുറ്റത്തു വടക്കനേഭാഗം എന്ന ചടങ്ങ് നടത്തിയിരുന്നു. കോത്തിരി കത്തിച്ചു വടക്കു ദിശനോക്കി പൂജ ചെയ്യുന്നതിനാണു വടക്കിനേഭാഗം എന്നുപറയുന്നത്. ഉഗ്രസ്വ രൂപിണിയായ വസൂരിമാലാഭഗവതിക്കു തർപ്പണം സമർപ്പിക്കുന്ന ചടങ്ങാണു വടക്കനേഭാഗം. ഈ ചടങ്ങ് ഞങ്ങളുടെ തുപ്പനാറത്ത് തറവാട്ടിൽ ചെയ്തതിരുന്നതു മുത്താറി കണാരനായിരുന്നു.

അടുത്ത അധ്യായം ▶ ശാക്തേയം 

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : നാട്ടുവഴിയിൽ 

◼️അധ്യായം ഒന്ന്:  
പുഴമാത്രം മാറിയില്ല
◼️അധ്യായം രണ്ട്:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം മൂന്ന്: പുത്തൂരാൻ ചരിതം
◼️അധ്യായം നാല്: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം അഞ്ച്: മൃതിയുടെ തിരനോട്ടം
◼️അധ്യായം ആറ്: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം ഏഴ്: ഭിക്ഷാം ദേഹി
◼️അധ്യായം എട്ട്: നാട്ടുവഴിയിൽ 

NEWS DESK

Recent Posts

നെടുംകണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി അമ്മയേയും സഹോദരനെയും കൊന്നത് അതിക്രൂരമായി

നെടുംകണ്ടം: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജി തന്റെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയില്‍. അമ്മ മേരിക്കുട്ടിയേയും…

15 minutes ago

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരേ തെളിവുണ്ടെന്ന് അന്വേഷണ സംഘം

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്‌ഐടി. കുറ്റപത്രം ഉടൻ സമർ‌പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…

53 minutes ago

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വ‌ർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…

2 hours ago

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…

3 hours ago

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ്‌ മരിച്ചത്‌.…

3 hours ago

കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍

തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി…

3 hours ago