ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
അധ്യായം ആറ്
കൺനിറയെ ദൈവങ്ങൾ
പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള ഏക ക്ഷേത്രം. കുയിമ്പിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെയാണു നമ്പൂരിമാരുടെ വകയായിരുന്ന പുല്ലാഞ്ഞിയോട്ട് കാവ്. ഇടതൂർന്നു വളർന്ന വൃക്ഷങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രം സ്വയംഭൂവാണെന്നു വിശ്വസിക്കുന്നു. ഇവിടത്തെ ഉത്സവത്തിനു പരിസര പ്രദേശങ്ങളിലുള്ളവർ വഴിപാടായി ഇളനീർ കാവുമായാണ് എത്തിയിരുന്നത്. അയൽവീടായ തണ്ട്യൻ്റാടന്ന് അച്ഛച്ഛനോടൊപ്പം ഞാനും പല പ്രാവശ്യം കാവിലേക്ക് അടിയറ കൊണ്ടുപോയിട്ടുണ്ട്.
തെങ്ങോലയുടെ മട്ടലിൻ്റെ ഇരുഭാഗത്തും ഇളനീർ കുടുക്കി ചുമലിൽ വെച്ച് ഓംകാരം മുഴക്കിയാണ് അടിയറ കൊണ്ടു പോവുക. ഇളനീർ കാവ് പൊന്താത്ത കൊച്ചുകുട്ടികൾക്കു മട്ടൽ ചെത്തിമിനുക്കി നൽകും. മട്ടൽ ചുമലിൽ നെഞ്ചോടു ചേർത്തുപിടിച്ചാണു കുട്ടികൾ അടിയറക്കാരോടൊപ്പം കാവിലേക്കു പോയിരുന്നത്. മുതിർന്നവരെ അനുകരിച്ചു കാവിനുമുന്നിൽ ചെറുപ്രായത്തിൽ തൊഴുതു നിൽക്കുമ്പോൾ വളരെ ദൂരെയുള്ള അമ്പലത്തിനുള്ളിലായിരുന്നു എൻ്റെ നോട്ടം. അവിടെ ഒന്നും കാണാതെയാണു ഞാൻ തിരിച്ചുവരാറ്. ഇനി പോകുമ്പോൾ നല്ലോണം നോക്കണമെന്നു വിചാരിക്കും. എന്നാൽ എത്ര പ്രാവശ്യം നോക്കിയിട്ടും എനിക്ക് ഇതുവരെ ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല.
കീഴ്ജാതിക്കാർ എന്നു മുദ്രകുത്തി അകറ്റി നിർത്തപ്പെട്ടവർക്കു കാവിൻ്റെ വളരെ ദൂരെനിന്നു മാത്രമേ തൊഴാൻ പാടുണ്ടായിരുന്നുള്ളൂ. മാറ്റി നിർത്തപ്പെട്ടവർ ദൂരെനിന്നു നേർച്ചയായി എറിയുന്ന പൈസ നമ്പൂരിമാർ പെറുക്കിയെടുക്കും. ഭക്തന്മാരോടു കാട്ടിയിരുന്ന വേർതിരിവിനു എതിരെ കൈവേലിക്കൽ ആലംപറ്റ ഭാഗത്തു ചിലർ യോഗം ചേർന്നിരുന്നു. ഇവർ ആടിന്റെ മാംസാവശിഷ്ട്‌ടങ്ങൾ കാവിൽ കൊണ്ടുവെച്ചാണു പ്രതിഷേധിച്ചതത്രേ. അയലത്തെ വീട്ടിലെ മത്തം ചാത്തുട്ടി പറഞ്ഞുകേട്ട വീരഗാഥകളിൽ ഒന്നാണിത്.
പൂജയും നിത്യകർമങ്ങളും നടത്താൻ നമ്പൂതിരിമാർ പിആർ കുറുപ്പിൻ്റെ സഹായം തേടി. പിആർ പൊതുരംഗത്തു സജീവമായിവരുന്ന കാലമായിരുന്നു അത്. അദ്ദേഹം വിളിച്ചുചേർത്ത മധ്യസ്ഥതയിലാണ് ഒരുവിഭാഗം ഭക്തർക്കു പ്രവേശനപരിധി നിശ്ച യിച്ചിരുന്ന അതിർത്തിക്കല്ല് മാറ്റാൻ തീരുമാനമായത്. ശ്രീകോവിലിന്റെ ഉൾവശം കാണാവുന്ന ദൂരത്തുനിന്നു പ്രാർഥിക്കാനുള്ള അവസരം മറ്റു ജാതിക്കാർക്ക് ഒരുക്കിക്കൊടുത്തതു പിആർ ആണ്. എന്നാലും അതിർത്തിക്കല്ല് ദൂരെത്തന്നെയാണ് എന്നായിരുന്നു പ്രതിഷേധക്കാരുടെ ആക്ഷേപം. പിആറിൻ്റെ ദീർഘവീക്ഷണമാണു സ്വന്തം വീടിനടുത്തുള്ള ഈ കാവിലെ ജാതീയമായ അകറ്റിനിർത്തൽ ഒരു പരിധിവരെ പരിഹരിച്ചത്.
നമ്പൂതിരിമാരുടെ താൽപര്യത്തിനെതിരായി തിയ്യരടക്കമുള്ള മറ്റു ജാതിക്കാരെ സഹായിച്ചതിലൂടെ സവർണനായ പിആറിനു പ്രബല വിഭാഗത്തിൻ്റെ വിശ്വാസം പിടിച്ചുപറ്റാനായി. പിന്നീട് ഇല്ലങ്ങൾ ക്ഷയിച്ചതോടെ നിത്യപൂജകൾ മുടങ്ങി പുല്ലാഞ്ഞിയോട്ട് കാവ് നാശോന്മുഖമായി. പരിസര പ്രദേശങ്ങളിലെ വിശ്വാസികൾ ജാതിഭേദമില്ലാതെ ഒത്തുചേർന്നാണു കാവിലെ നിത്യപൂജകളും മറ്റ് ആചാരാനുഷ്‌ഠാനങ്ങളും സുഗമമായി നടത്താൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നത്. ഇതോടെ എല്ലാവർക്കും ശ്രീകോവിലിൻ്റെ അടുത്തുവരെ പ്രവേശിക്കാനായി. പിന്നെന്തിനാണു ചിലരെ അകറ്റിനിർത്തിയത് എന്നായിരുന്നു എന്റെ ചിന്ത.
ഈ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കെകെ ആർ മാസ്റ്റരുടെ അധ്യക്ഷതയിൽ നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ചാണു ഞാനാദ്യമായി കെപിഎ റഹീം മാസ്റ്ററുടെ പ്രഭാഷണം കേട്ടത്. പരസ്‌പരം ശത്രുതയിലുള്ളവരെ ഒന്നിപ്പിക്കുന്നതാണ് ഇത്തരം വേദികളെന്നു റഹീം മാസ്റ്റർ ഉദാഹരണ സഹിതം സമർഥിച്ചിരുന്നു. പാനൂർ ഹൈസ്‌കൂളിലെ അധ്യാപകനായ റഹീം മാസ്റ്ററുടെ പ്രസംഗം എല്ലാവരെയും ആകർഷിച്ചു.
കുയിമ്പിൽ ക്ഷേത്രവും ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലവും വിശാലമായ ഒരു പറമ്പായിരുന്നു. പണ്ടുകാലത്തു കുയിമ്പിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട വീടുകളിലെ സ്ത്രീകൾ താമസിച്ചിരുന്ന തീണ്ടാരിപ്പുര ഇവിടെയായിരുന്നു. തീണ്ടാരിപ്പുര ഉൾപ്പെട്ട സ്ഥലം പിന്നീടു പുത്തൂരുള്ള മാപ്പിളയ്ക്കു വിറ്റു. അദ്ദേഹത്തിൽ നിന്നു പാട്ടത്തിന് അനുവാദം വാങ്ങി അച്ഛച്ഛൻ ഇവിടെ ചന്തകുത്തിക്കെട്ടി. ചായക്കടയും അവിലിടിയും അനാദിക്കച്ചവടവും തുടങ്ങി. പിന്നീട് ഈ സ്ഥലം അച്ഛച്ഛൻ വിലയ്ക്കു വാങ്ങി പീടികയും വീടും പണിതു.
കുയിമ്പിൽ ക്ഷേത്രത്തിലെ തിറയുത്സവം ആഘോഷ പൂർവം വർഷംതോറും നടത്തിയിരുന്നു. ക്ഷേത്രം ഉൾപ്പെട്ട സ്ഥലത്തിന്റെ പേരിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കം കാരണം പിന്നീടു കുറെക്കാലം തിറയാഘോഷം മുടങ്ങി. സ്വാമി ചാത്തുവും സഹോദരീപുത്രൻ പാലത്തായിലെ വെണ്ടേക്കുള്ളതിൽ ചാത്തുവും കുയിമ്പിൽ കല്യാണിയും തമ്മിലായിരുന്നു തർക്കം. സ്ഥലത്തിന്റെ അവകാശത്തെ ചൊല്ലി വർഷങ്ങളോളം കേസുകൾ നടന്നു. ഇതിനിടയിൽ 1986ൽ തിറ നടത്തിയിരുന്നെങ്കിലും വീണ്ടും മുടങ്ങി.
ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് നടന്നു കൊണ്ടിരിക്കെ തായ്‌വഴിയിൽപ്പെട്ടവരുടെ നിർബന്ധപ്രകാരം പോയ കൃഷ്ണൻ മാസ്റ്റർ, കുയിമ്പിൽ തറവാട്ടിൽപ്പെട്ട ലിഷിത്, പടിഞ്ഞാറെ തയ്യിൽ മോഹനൻ എന്നിവർ ഉത്സവം നടത്താനായി നാട്ടുകാരെ സമീപിച്ചു. തണ്ട്യൻ നാണുമാസ്റ്ററും കെ ചന്ദ്രൻ മാസ്റ്ററും മറ്റും മുൻകൈ എടുത്തു നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും യോഗം വിളിച്ചു. ബന്ധുക്കളും നാട്ടുകാരും ചേർന്നു തിറയുത്സവം നടത്താൻ തീരുമാനമായി. തണ്ട്യൻ നാണു മാസ്റ്റർ പ്രസിഡണ്ടും വടക്കയിൽ ദാമു സെക്രട്ടറിയുമായി കമ്മിറ്റി രൂപീക രിച്ചു. 2005 മുതൽ നാട്ടുകാരും കുടുംബാംഗങ്ങളും ഉൾപ്പെട്ട കമ്മിറ്റിയാണു തിറയുത്സവം നടത്തുന്നത്.
2009ൽ കുയിമ്പിൽ ക്ഷേത്രമുൾപ്പെട്ട സ്ഥലത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട കേസ് തീർപ്പായി. അപ്പോഴേക്കും വ്യവഹാരക്കാരായ സ്വാമിചാത്തുവും പാലത്തായിലെ ചാത്തുവും കുയിമ്പിൽ കല്യാണിയും മരണപ്പെട്ടിരുന്നു. കേസ് വിധിയായ ശേഷം പാലത്തായിലെ ചാത്തുവിൻ്റെ മക്കൾ, ക്ഷേത്ര കമ്മിറ്റിക്ക് ഓഫീസ് കെട്ടിടം പണിയാനും കിണർ കുഴിക്കാനും മറ്റുമായി സ്ഥലം സംഭാവന ചെയ്തു. കൂടാതെ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള 10 സെന്റ് സ്ഥലം ഇവരിൽനിന്നു കമ്മിറ്റി വിലകൊടുത്തും വാങ്ങിച്ചു. പാലത്തായി ചാത്തുവിൻ്റെ മകൻ വെണ്ടേക്കുള്ളതിൽ ശ്രീധരൻ ബാംഗ്ലൂരിൽ വ്യാപാരിയാണ്.
ഏപ്രിൽ 4 മുതൽ 6 വരെ നടക്കുന്ന കുയിമ്പിൽ പള്ളിയറ തിറയോടുകൂടി പാനൂർ മേഖലയിലെ തിറയുത്സവങ്ങൾക്കു സമാപനമാകും. മരുന്നൻപൊയിൽ വിവേകാനന്ദ കലാസാംസ്കാരിക വേദിയാണ് വർഷങ്ങളായി ഇവിടത്തെ ഉത്സവത്തിന് അന്നദാനം നടത്തുന്നത്. ക്ഷേത്രക്കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരം ഒരു വർഷം ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനം എൻ്റെ വകയായിരുന്നു.
ചെറുപ്പറമ്പ് കക്കോട്ട് വയലിൽ വെച്ച് 1975ലാണ് ഞാനാദ്യമായി കടവങ്കോട്ട് മാക്കത്തിൻ്റെ തിറ കണ്ടത്. കല്യാണം കഴിഞ്ഞ് ഏറെ വർഷങ്ങളായിട്ടും കുഞ്ഞ് പിറക്കാത്ത മുസ്ലീം ദമ്പതികളുടെ വഴിപാടായിരുന്നു ഈ തിറ. കുട്ടി ജനിച്ചശേഷം ചെറുപ്പറമ്പിലെ മുണ്ടോൾ പരേയിയാണു വഴിപാടായി മാക്കത്തിന്റെ തിറ കഴിപ്പിച്ചത്. പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്തെ ആരൂഢ സ്ഥാനത്തും കണ്ണൂർ ചാലയിലും മാത്രമാണു മാക്കത്തിന്റെയും മക്കളുടെയും തെയ്യം വർഷാവർഷം കെട്ടിയാടുന്നത്. വടക്കൻ പാട്ടിലൂടെ തലമുറകളായി കൈമാറി വന്ന മാക്കത്തിൻ്റെയും മക്കളായ ചാത്തുവിന്റെയും ചീരുവിൻ്റെയും തെയ്യം കാണാൻ കുഞ്ഞിമംഗലത്തും കണ്ണൂർ ചാലപുത്തൻവീട്ടിലും ആയിരങ്ങളാണ് എത്തിച്ചേരുന്നത്.
തെറ്റിദ്ധാരണയുടെ പേരിൽ കൊല്ലപ്പെട്ട അമ്മയുടെയും മക്കളുടെയും ദൈവിക പരിവേഷത്തോടെയുള്ള ഉയിർത്തെഴുന്നേൽപ്പാണ് ഈ തിറയുടെ ഐതിഹ്യം. സഹോദരിക്ക് അന്യപു രുഷനുമായി അവിഹിതബന്ധമുണ്ടെന്ന ഭാര്യമാരുടെ വാക്കുകൾ വിശ്വസിച്ച് ആങ്ങളമാർ പെങ്ങളെയും മരുമക്കളെയും വെട്ടിക്കൊന്ന് കിണറ്റിലിട്ടു. പാതിവ്രത്യത്തിൻ്റെ ശക്തിയിൽ മാക്കം പ്രതികാര ദുർഗയായി തൻ്റെ മരണത്തിനു കാരണക്കാരായവരെ തറവാടടക്കം ചുട്ടുകരിച്ചുവെന്നാണു വിശ്വസിച്ചുവരുന്നത്. മരുമക്കത്തായ സമ്പ്രദായത്തിൽ നിന്നു മക്കത്തായ വ്യവസ്ഥയിലേക്കു മാറ്റം ആഗ്രഹിച്ച ഒരു തലമുറയുടെ ചിത്രം ഇതിലെ കഥാപാത്രങ്ങളിൽ കാണാം.
അമ്മമ്മയുടെ ബന്ധത്തിൽപ്പെട്ട തൈവെച്ചപറമ്പത്ത് എല്ലാ വർഷവും തിറയുത്സവം നടന്നിരുന്നു. ഉച്ചയ്ക്കു മുത്തപ്പനെ മലയിറക്കുന്നതോടെയാണ് ഇവിടത്തെ ചടങ്ങുകൾ തുടങ്ങുക. സന്ധ്യയ്ക്കു വെള്ളാട്ടം കാണാൻ എത്തുന്നവർ പുലർച്ചെ കെട്ടിയാടുന്ന കാരണവർ തെയ്യം കഴിഞ്ഞ ശേഷമാണു മടങ്ങുക. രാവിലെ വീണ്ടും പോതിയുടെ തിറ കാണാൻ തിരിച്ചെത്തും. കുടുംബവഴക്കിനിടെ കാരണവരും മരുമക്കളും പൊരുതി മരിച്ചതുമായി ബന്ധപ്പെട്ടതാണ് ഇവിടത്തെ കാരണവർ തെയ്യത്തിൻ്റെ ഐതിഹ്യം. ഇടയ്ക്കിടെ ചെറിയ കിണ്ടിയിൽനിന്നു കള്ള് കുടിക്കുന്ന മുത്തപ്പൻ ദക്ഷിണ സ്വീകരിച്ചു തിരുമുടിയിൽ ചൂടിയ തുമ്പപ്പൂ പറിച്ചെടുത്ത് ഭക്തരുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കും.
തെക്കയിൽ മത്തിക്കുട്ടിയാണു മുത്തപ്പനെ കൈപിടിച്ച് ആനയിച്ചിരുന്നത്. ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾക്കു ക്ഷേത്രത്തിനു തൊട്ടടുത്തുള്ള തറവാട്ടുവീട്ടിൽ വെച്ചു കുടുംബക്കാർ അരി ചാർത്തുന്നതു ചടങ്ങിൻ്റെ ഭാഗമാണ്. ഇതിനു ശേഷമാണു തിരു മുടി അഴിക്കുക. തിറ കാണാനെത്തിയ കൂട്ടുകാരുടെ മുന്നിൽ വെച്ച് മുതിർന്ന ബന്ധുക്കൾക്കൊപ്പം ദൈവത്തിന് അരി ചാർത്തുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത അഭിമാനമായിരുന്നു.
1972ൽ നടന്ന ഇവിടത്തെ തിറ ഉത്സവത്തിനിടെ മദ്യപാനികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. രണ്ടു പ്രദേശത്തുകാർ ചേരി തിരിഞ്ഞുള്ള അടിപിടിയിലാണ് ഇതു കലാശിച്ചത്. പോലീസുകാരും നാട്ടുകാരുടെ കൈക്കരുത്ത് അറിഞ്ഞു. തെയ്യം കാണാൻ എത്തിയവർ സ്ഥലം വിട്ടതോടെ തിറ ചടങ്ങൊപ്പിക്കലിൽ ഒതുക്കി. പിറ്റേന്ന് ആ പ്രദേശങ്ങളിൽ പോലീസിൻ്റെ പടപാച്ചിലായിരുന്നു. ആണുങ്ങൾ വീടുവിട്ട് ഒളിവിലായി. ഈ സംഭവവുമായി ബന്ധപ്പെട്ടു പോലീസിനെ പേടിച്ചു നാടുവിട്ട ഓടക്കായ് നാണു പിന്നെ തിരിച്ചു വന്നിട്ടില്ല. അച്ഛച്ഛൻ്റെ പെങ്ങൾ മാതുവിൻ്റെ മകൾ ജാനുവിൻ്റെ ഭർത്താവായിരുന്നു നാണു. ഇയാൾ നാടുവിടുമ്പോൾ ജാനു ഗർഭിണിയായിരുന്നു. ബാബു എന്നാണ് ഇവരുടെ മകന്റെ പേര്.
അമ്മമ്മയുടെ തറവാട്ടിൽപ്പെട്ട മടയൻ്റവിട, മുത്തപ്പന്റെ വെള്ളാട്ടം കെട്ടിയാടാറുണ്ട്. തറവാട് വീതം വെയ്ക്കുമ്പോൾ ഈ സ്ഥലം തെക്കയിൽ മത്തിക്കുട്ടിക്കാണു ലഭിച്ചത്. അതുവരെ ബന്ധുക്കൾ ചേർന്നു നടത്തിയിരുന്ന ഇവിടത്തെ വെള്ളാട്ടം പിന്നീട് അദ്ദേഹം സ്വന്തം ചെലവിലാണു നടത്തിവന്നത്. മത്തിക്കുട്ടിയുടെ മരണശേഷം മകൻ കൃഷ്ണനാണ് ഈ സ്ഥലം ലഭിച്ചത്. പിന്നീട് അദ്ദേഹമാണ് ഇവിടത്തെ ചടങ്ങുകൾ നടത്തിയത്. കൃഷ്ണന്റെ മരണശേഷം ഇളയമകൻ മോഹനനാണ് ഈ സ്ഥലത്തിന്റെ അവകാശി. മോഹനൻ്റെ അകാലമരണത്തോടെ ബന്ധുക്കളുടെ ട്രസ്റ്റാണ് ഇവിടെ വർഷംതോറും തിരുവപ്പന നടത്തുന്നത്.
കുയിമ്പിലെ പശുക്കറവ് നിൽക്കുമ്പോൾ മാമൻ്റെ കുട്ടികൾക്കു വേണ്ടി പാൽ എടുക്കാൻ ഞാനാണു കൈവേലിക്കലിൽ പോയിരുന്നത്. എന്തെങ്കിലും ഭക്ഷണം കഴിപ്പിച്ചതിനു ശേഷമേ തെക്കെയിലെ മാണിക്യം അമ്മായി എന്നെ പറഞ്ഞു വിടുകയുള്ളൂ. പിന്നീടു വടക്കയിൽ കൃഷ്‌ണൻ്റെ വീട്ടിൽ നിന്നാണു പാൽ വാങ്ങിച്ചത്. ഇവരുടെ ഇളയമകൻ മോഹനനും ഞാനും അവിടത്തെ സിമന്റിട്ട മുറ്റത്തു സൈക്കിളോട്ടി കളിച്ചിരുന്നു. ഇവർക്കു മോഹൻ എന്ന പേരെഴുതിയ ഒരു ലോറി ഉണ്ടായിരുന്നു. ഉണ്ണി, രാജൻ, രവി, നളിനി എന്നിവരാണ് ഇവരുടെ മറ്റു മക്കൾ. ഉണ്ണി ബാംഗ്ലൂരിൽ ബേക്കറി വ്യാപാരിയാണ്. രാജൻ പാലക്കൂലിൽ ഗണേഷ് എന്ന പേരിൽ മരമില്ല് നടത്തിവരുന്നു. കൊപ്ര വ്യാപാരിയായിരുന്ന മോഹനൻ പാനൂരിൽ ഫാൻസി ഷോപ്പും നടത്തിയിരുന്നു. 2019 ജൂൺ മൂന്നിനാണു മോഹനൻ മരിച്ചത്.
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവമെന്നു വിശ്വസിക്കപ്പെടുന്ന ശ്രീ മുത്തപ്പനാണ് ആളുകളുടെ ഇഷ്‌ടമൂർത്തി. ശ്രീ മുത്തപ്പനെ മുൻനിർത്തി പറയുന്ന കാര്യങ്ങൾക്കപ്പുറം ആരും ഒന്നും ചെയ്തിരുന്നില്ല. പറശ്ശിനി മടപ്പുരയിൽ വർഷത്തിൽ ഒന്നും രണ്ടും പ്രാവശ്യം പോകുന്നവരാണു ഭൂരിഭാഗവും. മടപ്പുരയിൽനിന്നു ചായയും പയറും പിന്നെ ഉച്ചയ്ക്കുള്ള കഞ്ഞിയും കഴിച്ചാണു മടങ്ങുക. ഭക്തജനങ്ങൾക്കു നിത്യേന ചായയും രണ്ടുനേരം ഭക്ഷണവും നൽകിവരുന്ന കേരളത്തിലെ ആദ്യക്ഷേത്രമാണു പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര. വൃശ്ചികം 15, 16 തീയതികളിലാണ് ഇവിടത്തെ വാർഷിക തിരുവപ്പന മഹോത്സവം.
ഒരുകാലത്തു, കണ്ണൂർ ജില്ലക്കാരുടെ മാത്രം ആരാധ്യദേവനായിരുന്നു ശ്രീ മുത്തപ്പൻ. പിന്നീടു ജാതി മത ഭാഷാ പണ്ഡിത പാമര ഭേദമെന്യ ആളുകൾ ആരാധിച്ചു വരുന്ന വിശ്വമൂർത്തിയാണ് ശ്രീ മുത്തപ്പൻ. കേരളത്തിനകത്തും പുറത്തുമായി നൂറു കണക്കിനു മടപ്പുരകളിലും പൊറക്കളങ്ങളിലുമായി കെട്ടിയാടുന്ന തിരുവപ്പനയും വെള്ളാട്ടവും ദൈവത്തിൻ്റെ നേർ ദർശനാനുഭൂതിയാണ് ഭക്തർക്കു നൽകുന്നത്.
പയ്യാവൂരിലെ അയ്യങ്കര ഇല്ലത്തെ നമ്പൂതിരിക്കും പാടിക്കുറ്റി അന്തർജനത്തിനും സന്താന സൗഭാഗ്യമില്ലായിരുന്നു. ശിവഭക്തയായ പാടിക്കുറ്റിയമ്മ കുളിക്കാൻ പോയപ്പോൾ പുഴയിലെ പാറപ്പുറത്തുനിന്നു കിട്ടിയ കുഞ്ഞാണ് ശ്രീ മുത്തപ്പൻ എന്നാണ് ഐതിഹ്യം. ചൈതന്യവാനായ ഈ പൈതൽ കിടന്ന പാറ തിരുനെറ്റിക്കല്ല് എന്നാണ് അറിയപ്പെടുന്നത്.
ബാല്യത്തിൽത്തന്നെ ഈ കുട്ടി ഇല്ലത്തെ ചിട്ടവട്ടങ്ങൾ തെറ്റിച്ചു താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളോടു കൂട്ടു കൂടുകയും അവരൊത്തു പക്ഷിമൃഗാദികളെ വേട്ടയാടി ചുട്ടു തിന്നുകയും ചെയ്തു. പല പ്രാവശ്യം വിലക്കിയിട്ടും ഇതു പതിവാക്കിയ മകനോടു നമ്പൂതിരി ഇല്ലം വിട്ടു പോകാൻ ആജ്ഞാപിച്ചു. ഇതറിഞ്ഞു ദുഃഖിതയായ പാടിക്കുറ്റിയമ്മയ്ക്കു മകൻ തൻ്റെ വിശ്വരൂപ ദർശനം നൽകി. ഭഗവത് രൂപം കണ്ടു വിസ്‌മയിച്ച അമ്മ കണ്ണിന്റെ തീക്ഷ്ണ ഭാവം മറയ്ക്കാൻ ആവശ്യപ്പെട്ടു. അന്നുമുതൽ ഈ ദിവ്യാവതാരം പൊയ്ക്കണ്ണ് അണിഞ്ഞു. പിന്നീട് ഇല്ലം വിട്ടിറങ്ങി കുന്നത്തൂർ മലയിലെത്തി പനമുകളിലേറി അന്തിക്കള്ള് സേവിച്ചു കഴിഞ്ഞു. ചെത്തുകാരൻ ചന്തനും ഭാര്യയ്ക്കും ദർശനം നൽകി. ആദ്യമായി ആ ചൈതന്യ രൂപത്തെ മുത്തപ്പാ എന്ന് ചൊല്ലി വിളിച്ചത് ചന്തന്റെ ഭാര്യയാണ്. കുന്നത്തൂർപാടി, ഹരിശ്ചന്ദ്ര കോട്ട, പുരളിമല എന്നിവിടങ്ങളിൽ വസിച്ചു തൻ്റെ ചൈതന്യം ഉറപ്പിച്ച ശേഷമാണ് ശ്രീ മുത്തപ്പ ഭഗവാൻ പറശ്ശിനിയിൽ നിത്യസാന്നിധ്യമായത്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന സാന്നിധ്യമായി ദേശാന്തരങ്ങൾ താണ്ടി ഭക്തർക്കു കാവലും കരുതലുമായി കുടികൊള്ളുന്ന ചൈതന്യമാണു ശ്രീ മുത്തപ്പൻ.
അമ്മമ്മയുടെ കൂടെ പലപ്രാവശ്യം ഞാൻ പറശ്ശിനി മടപ്പുരയിലും പെരളശ്ശേരിയിലും പോയിട്ടുണ്ട്. കന്നി മുപ്പത്, തുലാം പത്ത്, പതിനൊന്ന് തീയതികളിലാണു പെരളശ്ശേരി അമ്പലത്തിലേക്കുള്ള യാത്ര. ഈ ദിവസങ്ങളിൽ സ്ത്രീകൾ മുടങ്ങാതെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയിരുന്നു. പാമ്പിനു മുട്ട കൊടുക്കൽ, സർപ്പബലി എന്നിവയാണു പ്രധാന വഴിപാടുകൾ. അന്നുതന്നെ മിക്കവരും പറശ്ശിനിക്കടവിലും പോവും. പാമ്പിൻ്റെ എടങ്ങാറ് ഉണ്ടാകുമ്പോഴാണ് ആളുകൾ പെരളശ്ശേരിയിലേക്കു വഴി പാട് നേരുക. കുന്നിൻ മുകളിലും കാട്ടിലും പണിക്കു ഇറങ്ങുമ്പോൾ പെരളശ്ശേരി അമ്പലത്തിലേക്കു നേർച്ച വെയ്ക്കുന്നതു സാധാരണമാണ്. സ്ഥലത്തിൻ്റെ അവകാശിയായ സർപ്പത്തിനോട് പണിക്കുമുൻപ് അനുവാദം വാങ്ങണം എന്നാണ് വിശ്വാസം.
രാമായണത്തിലെ സീതാന്വേഷണവുമായി ബന്ധപ്പെട്ട താണു പെരളശ്ശേരി ക്ഷേത്രോൽപത്തിയുടെ ഐതിഹ്യം. സീതയെ അന്വേഷിച്ചുള്ള യാത്രയ്ക്കിടയിൽ ശ്രീ രാമലക്ഷ്മണന്മാരും ശ്രീ ഹനുമാനും ഇവിടെ എത്തിയെന്നു വിശ്വസിക്കുന്നു. രാമനിർദേശപ്രകാരം സന്ധ്യാപൂജയ്ക്ക് ഇടം ഒരുക്കാനായി ശ്രീ ഹനുമാൻ ശിലതേടി പോയി. തിരിച്ചെത്താൻ വൈകിയതിനാൽ ശ്രീ രാമൻ കൈയിലെ പെരുവള ഊരിവെച്ചു പൂജ നടത്തി. അതോടെ ഈ പ്രദേശം പെരുവളശ്ശേരി എന്നറിയപ്പെട്ടു. ക്രമേണ പെരുവളശ്ശേരി ലോപിച്ചു പെരളശ്ശേരിയായി. കർണാടകത്തിലെ കുടക് ജില്ലയിലെ തലക്കാവേരിയിൽ നിന്നാണു പെരളശ്ശേരി ക്ഷേത്രക്കുളത്തിൽ തീർഥജലം എത്തുന്നതെന്നാണു വിശ്വാസം. ശ്രീ രാമചന്ദ്രൻ്റെ വിവരമറിയാൻ പളനിയാണ്ടവൻ ശ്രീ മുരുകനും സർപ്പവും ഇവിടെ വന്നെന്നും അതോടെ ശ്രീ മുരുകന്റെയും സർപ്പത്തിന്റെയും സാന്നിധ്യം ഇവിടെ ഉണ്ടായി എന്നുമാണ് ഐതിഹ്യം. അതോടെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രമുണ്ടായി.
ശ്രീ ഹനുമാൻ കൊണ്ടുവന്ന ശില കുറച്ചകലെയായി പ്രതിഷ്ഠിച്ചു. ഈ സ്ഥലം മർക്കടശ്ശേരി എന്നും അറിയപ്പെട്ടു. പെരളശ്ശേരി ക്ഷേത്രത്തിൽ വരുന്നവർ മർക്കടശ്ശേരിയിലും പോകണമെന്നാണു പറയപ്പെടുന്നത്. മർക്കടശ്ശേരിയാണു പിന്നീട് മക്രേരി എന്ന പേരിൽ പ്രശസ്‌തമായത്. ഹനുമാൻ സ്വാമിയെത്തന്നെ തന്ത്രിവര്യരായി കരുതിപ്പോരുന്ന ഏക ക്ഷേത്രവും മക്രേരിയാണ്. പ്രശസ്ത സംഗീതജ്ഞൻ ദക്ഷിണാമൂർത്തി സ്വാമികളുടെ സ്മരണയ്ക്കായി മ്യൂസിയവും ഈ ക്ഷേത്രത്തോട് അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യൻ പാർലമെൻ്റിലെ ആദ്യ പ്രതിപക്ഷ നേതാവും സാമൂഹ്യ പരിഷ്കർത്താവും തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനും ഇന്ത്യൻ കോഫി ഹൗസിൻ്റെ സ്ഥാപകനുമായ എകെജി യുടെ ജന്മനാടാണ് പെരളശ്ശേരി. ആയില്യത്ത് കുറ്റേരി ഗോപാലൻ എന്ന എകെജി 1904 ഒക്ടോബർ ഒന്നിനാണു ജനിച്ചത്. 1952ലെ ആദ്യ ലോക്സഭയിലേക്കു വിജയിച്ച കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ 16 എം പിമാരിൽ ഒരാളാണ് എകെജി. 1977 മാർച്ച് 22 നാണ് അദ്ദേഹം മരണപ്പെട്ടത്.
വടക്കൻ പാട്ടുകൾ ഏറെ താൽപര്യത്തോടെയാണു ഞാൻ കേട്ടിരുന്നത്. തച്ചോളി ഒതേനൻ, പുത്തൂരം വീട്ടിലെ ആരോമൽ ചേകവർ, ഉണ്ണിയാർച്ച, ആരോമലുണ്ണി, തുമ്പോലാർച്ച, പയ്യമ്പള്ളി ചന്തു, കണ്ണപ്പനുണ്ണി, പൂമാതൈ പൊന്നമ്മ, കടവങ്കോട്ട് മാക്കം എന്നിവരുടെ വീരഗാഥകളായിരുന്നു മിക്ക വടക്കൻ പാട്ടുകളുടെയും ഇതിവൃത്തം. കട്ടവെച്ചപറമ്പത്തെ കുറത്തി, ചീരു, തൽമ കല്യാണി, നാണി, അമ്മമ്മ തുടങ്ങിയവരായിരുന്നു പ്രദേശത്തെ പ്രധാന വടക്കൻ പാട്ടുകാർ. വടക്കൻ പാട്ടിനെക്കുറിച്ചും മറ്റും എന്തെങ്കിലും ചോദിച്ചാൽ അതേ ഈണത്തിൽ തന്നെയാണ് ഇവർ മറുപടി നൽകുക.
വീരനായകനായ തച്ചോളി ഒതേനൻ്റെ അവസാനത്തെ പൊയ്ത്ത് നടന്നതിൻ്റെ ഓർമ്മയുമായി ബന്ധപ്പെട്ടു കുംഭമാസം പത്തിനും പതിനൊന്നിനും ആളുകൾ ഒരു പണിയും ചെയ്യാറില്ല. ഒതേനൻ മരിച്ച ദിവസം ഒരു മംഗള കർമത്തിനും പറ്റിയതല്ലെന്നും വിശ്വസിച്ചിരുന്നു. ആ വീര പടയാളിക്കുള്ള ദൈവിക പരിവേഷ മാണ് ഈ ദിവസങ്ങളിൽ ഒരു പണിയും ചെയ്യാതിരിക്കാൻ ആളുകളെ പ്രേരിപ്പിച്ചത്. അങ്കത്തിനൊടുവിൽ തച്ചോളി ഒതേനൻ കതിരൂർ ഗുരുക്കളെ പൊരുതിത്തോൽപ്പിച്ചു. വിജയശ്രീലാളിതനായി തച്ചോളി മേപ്പയിലേക്കു പുറപ്പെട്ട ഒതേനനു വഴിക്കുവെച്ചാണ് അങ്കത്തട്ടിൽ തന്റെ ചുരിക മറന്നു വെച്ചു കാര്യം ഓർമ വന്നത്. തിരികെ കളരിയിലെത്തി ചുരികയെടുത്തു മടങ്ങുമ്പോൾ കതിരൂർ ഗുരുക്കളുടെ ശിഷ്യനായ ചുണ്ടങ്ങാപ്പൊയിൽ മായൻകുട്ടി തച്ചോളി ഒതേനനെ വെടിവെച്ചു കൊന്നു എന്നാണു പറയപ്പെടുന്നത്.
വടക്കൻപാട്ടിലെ മറ്റു വീരശൂരപരാക്രമികളായ പുത്തൂരം വീട്ടിലെ ആരോമലിന്റെയും നേർപെങ്ങൾ ഉണ്ണിയാർച്ചയുടെയും ചരിത്രങ്ങളും ആവേശം കൊള്ളിക്കുന്നതാണ്. തെമ്മാടികളായ ജോനകന്മാരെ ഉണ്ണിയാർച്ച പൊരുതി തോൽപ്പിച്ച നാദാപുരം അങ്ങാടിയെക്കുറിച്ചും ഒതേനൻ്റെ അവസാനത്തെ പൊയ്ത്തു നടന്ന പൊന്ന്യം കളരിയെക്കുറിച്ചും കേട്ടതു മുതൽ ഈ സ്ഥലങ്ങൾ കാണണമെന്നു ചെറുപ്പം മുതൽ ഞാൻ ആഗ്രഹിച്ചിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ 1981ലാണു ഞാൻ നാദാപുരം അങ്ങാടി കാണാൻ പോയത്. എല്ലാവിധ വിദേശ സാധനങ്ങളും കിട്ടുന്ന സ്ഥലമാണു നാദാപുരം. പാനൂരിൽനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ അകലെയുള്ള പൊന്ന്യം കാണാൻ പോയത് 1982ൽ തലശ്ശേരി മഹാത്മയിൽ പഠിക്കുമ്പോഴാണ്. കളരിയോ, കളരിയുണ്ടായിരുന്ന സ്ഥലമോ, പൊന്ന്യം പടനിലമോ കണ്ടില്ല.
അടുത്ത ആഴ്ച ▶ ഭിക്ഷാം ദേഹി
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം ഒന്ന്: പുഴമാത്രം മാറിയില്ല
◼️അധ്യായം രണ്ട്: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം മൂന്ന്: പുത്തൂരാൻ ചരിതം
◼️അധ്യായം നാല്: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം അഞ്ച്: മൃതിയുടെ തിരനോട്ടം















