ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളായ നെലമംഗല–ദൊഡ്ഡബല്ലാപുര മേഖലയിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കടകളുടെ ഷട്ടറുകളും വീടുകളുടെ പൂട്ടുകളും തകർത്ത് കവർച്ച നടത്തുന്ന സംഘം വ്യാപാരികളിലും നാട്ടുകാരിലും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. രാത്രികാലങ്ങളിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന തുടർച്ചയായ മോഷണങ്ങളാണ് പ്രദേശത്ത് സുരക്ഷാഭീതി വർധിപ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ച (നവംബർ 25) രാത്രി മൂന്ന് വ്യാപാരസ്ഥാപനങ്ങളിലാണ് സംഘം കവർച്ച നടത്തിയത്. ഇരുമ്പുദണ്ഡ് (ഗഡാരി) ഉപയോഗിച്ച് ശക്തമായ പൂട്ടുകളും ഷട്ടറുകളും മിനിറ്റുകൾക്കുള്ളിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു.
പകൽ സമയങ്ങളിൽ ദിവസവേതന തൊഴിലാളികളെന്ന വ്യാജേന പ്രദേശത്ത് ചുറ്റിനടന്ന് നിരീക്ഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന് നാട്ടുകാർ പറയുന്നു. വ്യവസായ-കാർഷിക മേഖലകളിൽ ജോലി അന്വേഷിക്കുന്നവരെന്ന ഭാവേന സഞ്ചരിച്ച്, ആളില്ലാത്ത വീടുകളും സുരക്ഷ കുറഞ്ഞ കടകളും കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് ഇവർ രാത്രിയിൽ കവർച്ചയ്ക്കെത്തുന്നത്. ഇരുമ്പുദണ്ഡ് ഉപയോഗിച്ചുള്ള ഇവരുടെ കവർച്ചാ രീതി കാരണം നാട്ടുകാർ സംഘത്തിന് ‘ഗഡാരി ഗ്യാങ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
മോഷണഭീതി ശക്തമായതോടെ പല വ്യാപാരികളും പതിവിലും നേരത്തെ കടകൾ അടച്ചുപൂട്ടുന്ന സാഹചര്യമാണുള്ളത്. പ്രദേശത്ത് രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും, കവർച്ചാ സംഘത്തെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും വ്യാപാരി സമൂഹവും നാട്ടുകാരും ആവശ്യപ്പെടുന്നു.
അതേസമയം, കവർച്ചാ സംഘത്തിനായുള്ള അന്വേഷണവും തിരച്ചിലും ഊർജിതമാക്കിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഈ സംഭവപരമ്പരയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നതും പ്രദേശവാസികൾക്കിടയിൽ ചർച്ചയാകുന്നുണ്ട്.
SUMMARY: Fear of theft in the Nelamangala-Doddaballapura region















