ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഒപ്പം നില്ക്കാൻ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി വിജയ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സർക്കാരിന്റെ ജനപ്രിയ പദ്ധതികളുടെ തുടർച്ചയായാണ് പുതിയ തീരുമാനമെന്നും വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ ഇതാദ്യമായാണ് ഭാര്യയുടെ പ്രസവത്തിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത്തരത്തില്‍ അവധി അനുവദിക്കുന്നത്.
കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പോ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളിലോ പുരുഷ ജീവനക്കാർക്ക് ഈ അവധി എടുക്കാവുന്നതാണ്. ഭാര്യക്കൊപ്പം ഭർത്താവിന്റെ പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ പുരുഷ സർക്കാർ ജീവനക്കാർക്ക് പത്ത് ദിവസത്തെ അവധിയാണ് അനുവദിച്ചിട്ടുള്ളത്. പരമാവധി രണ്ട് പ്രസവങ്ങള്‍ക്ക് ഓരോന്നിനും പത്ത് ദിവസം വീതം അവധി ലഭിക്കും.
പ്രസവത്തിന് 10 ദിവസം മുമ്പ് മുതല്‍ പ്രസവത്തീയതിക്ക് ശേഷം മൂന്ന് മാസത്തിനുള്ളില്‍ അവധി എടുത്തില്ലെങ്കില്‍ അത് നഷ്ടപ്പെടും. ഈ കാലയളവില്‍ ചട്ടം 92 പ്രകാരമുള്ള പൂർണ്ണ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ പിതൃത്വ അവധി നല്‍കുന്നത് സിക്കിമാണ്, അവിടെ ഭാര്യയുടെ പ്രസവത്തിന് സർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ അവധിയാണ് അനുവദിക്കുന്നത്.
SUMMARY: 15 days of leave for a wife’s childbirth; Vijay government in Tamil Nadu makes new announcement
















