ബെംഗളൂരു: പാലസ് ഗ്രൗണ്ട്സിൽ നടക്കുന്ന വിവാഹച്ചടങ്ങുകളെത്തുടർന്ന് നവംബർ 26, 27, 29 തീയതികളിൽ ബല്ലാരി റോഡിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബെംഗളൂരു ട്രാഫിക് പോലീസ് പുറത്തിറക്കിയ അറിയിപ്പനുസരിച്ച് ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെയാണ് ആദ്യഘട്ട നിയന്ത്രണം. കൂടുതൽ അതിഥികളും വിശിഷ്ട വ്യക്തികളും പങ്കെടുക്കുമെന്നതിനാൽ ട്രിപുരവാസിനി ഗേറ്റ്, ബല്ലാരി റോഡ്, സി.വി. രാമൻ റോഡ്, ജയമഹൽ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെയും നവംബർ 27 ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയും നവംബർ 29 ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഈ ദിവസങ്ങളിൽ നഗരമധ്യത്തിൽനിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ ഓൾഡ് ഹൈഗ്രൗണ്ട്സ് ജങ്ഷൻ, കൽപന ജങ്ഷൻ, ഓൾഡ് ഉദയ ടി.വി. ജങ്ഷൻ, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ, ടാനറി റോഡ്, നാഗവാര വഴി തിരിച്ചുവിടും.
വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്ക് വരുന്നവർക്ക് ഹെബ്ബാൾ–നാഗവാര–ബാംബൂ ബസാർ–ക്വീൻസ് റോഡ് വഴിയോ ഹെബ്ബാൾ റിങ് റോഡ്–കുവെമ്പു സർക്കിൾ–ഗൊരഗുണ്ടെപാളയ–ഡോ. രാജ്കുമാർ റോഡ് വഴിയോ യാത്ര ചെയ്യാം.
യെശ്വന്ത്പുരയിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ ബി.ഇ.എൽ. സർക്കിളിൽ വലത്തോട്ട് തിരിഞ്ഞ് മത്തിക്കരെ റോഡ്, റിങ് റോഡ് വഴി പോകണം. യെശ്വന്ത്പുരയിൽനിന്ന് നഗരത്തിലേക്ക് വരുന്നവർക്ക് ഡോ. രാജ്കുമാർ റോഡ് ഉപയോഗിക്കാം.
ഹലസൂരു, ഓൾഡ് എയർപോർട്ട് ഭാഗങ്ങളിൽനിന്ന് ഹെബ്ബാളിലേക്ക് പോകുന്ന വാഹനങ്ങൾ ടിൻ ഫാക്ടറി ജങ്ഷൻ വഴി റിങ് റോഡിലേക്ക് തിരിച്ചുവിടും.
ഹെബ്ബാളിൽനിന്ന് ബല്ലാരി റോഡിലേക്ക് പോകുന്ന ഭാരവാഹനങ്ങൾ ഔട്ടർ റിങ് റോഡ് വഴി തിരിച്ചുവിടും. യെശ്വന്ത്പുരയിൽനിന്ന് സി.വി. രാമൻ റോഡിലേക്കുള്ള ഭാരവാഹന ഗതാഗതത്തിനും നിയന്ത്രണമുണ്ട്.
പാലസ് റോഡ്, ബല്ലാരി റോഡ്, ജയമഹൽ റോഡ്, നന്ദിദുർഗ റോഡ്, സി.വി. രാമൻ റോഡ്, ഗുട്ടഹള്ളി റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കണമെന്നും ബദൽ പാതകൾ ഉപയോഗിക്കണമെന്നും ട്രാഫിക് പോലീസ് നിർദേശിച്ചു.
SUMMARY: Traffic restrictions near Palace Grounds today















