ന്യൂഡൽഹി: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥാനനിർണയം ഉടൻ പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിനോടു വ്യവസായമന്ത്രി എം.ബി.പാട്ടീൽ ആവശ്യപ്പെട്ടു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. രാമമോഹൻ നായിഡുവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചത്.
ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള ചുരുക്ക പട്ടികയിലുള്ള 3 ഇടങ്ങളിലും എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു ലഭിച്ചില്ല. ഇതു കിട്ടിയിലാടുടൻ വിമാനത്താവള നിർമാണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും പാട്ടീൽ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. കനക്പുര റോഡിലെ ഹാരോഹള്ളിയിലെ 2 ഇടങ്ങളും കുനിഗൽ റോഡിലെ നെലമംഗലയിലുമാണ് പുതിയ വിമാനത്താവളം നിർമിക്കാൻ പരിഗണിക്കുന്നത്.
ഹുബ്ബള്ളി, ബെളഗാവി വിമാനത്താവളങ്ങൾക്കു രാജ്യാന്തര പദവി നൽകണമെന്നും വിജയപുര വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ അനുമതി നൽകണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു.
SUMMARY: Finalise location for Bengaluru’s second airport, Patil urges Centre.