ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു. വിനോദസഞ്ചാരിയായ 52 കാരന്‍ ബ്രൂണോ റോജറാണ് താഴെ വീണത്. 48 മണിക്കൂര്‍ കഴിഞ്ഞാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
കദിരാംപുര ഗ്രാമത്തിലെ ഹോം സ്റ്റേയിൽ താമസിച്ചിരുന്ന ഇയാള്‍ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ അഷ്ടഭുജ സ്നാനകുളത്തിനടുത്തുള്ള വിജനമായ പ്രദേശത്തേക്ക് പോയപ്പോഴാണ് സംഭവമുണ്ടായത്. മല കയറുന്നതിനിടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ പരുക്കേറ്റ് നടക്കാൻ പോലും കഴിയാതിരുന്ന ബ്രൂണോ കുന്നിന് താഴെ വിജനമായ പ്രദേശത്ത് വേദന സഹിച്ചുകൊണ്ട് രണ്ട് ദിവസം കഴിച്ചുകൂട്ടി. പിന്നീട് അടുത്തുള്ള ഒരു വാഴത്തോട്ടത്തിലേക്ക് ഇഴഞ്ഞു നീങ്ങി എത്തുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന കര്‍ഷകര്‍ ഇയാളുടെ അവസ്ഥ കണ്ടതും ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. വീഴ്ചയില്‍ ഇടതു കാലിനും മുഖത്തിന്‍റെ ഇടതുഭാഗത്തിനും സാരമായി പരുക്കേറ്റിരുന്നു. ബ്രൂണോയെ പോലീസും സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിന്നീട് ചികിത്സക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൈയ്യിലുണ്ടായിരുന്ന വെറും ഒന്നര ലിറ്റർ വെള്ളം മാത്രം കുടിച്ചാണ് രണ്ടു ദിവസം കഴിച്ചുകൂട്ടിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
ബ്രൂണോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം
പ്രാപിച്ചുവരികയാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹംപി സന്ദർശിക്കുമ്പോൾ വിജനമായതോ നിയന്ത്രിതമായതോ ആയ പ്രദേശങ്ങളിൽ ഒറ്റയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് പോലീസും ജില്ലാ ഭരണകൂടവും ഉൾപ്പെടെയുള്ള അധികാരികൾ വിനോദസഞ്ചാരികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
വിജയനഗര ജില്ലയിലെ തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഹംപി, വിരൂപാക്ഷ ക്ഷേത്രം ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങളാല്‍ പേരുകേട്ട രാജ്യത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
SUMMARY: French citizen falls while climbing a hill in Hampi; found two days later














