അബുദാബി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസയുടെ പൈലറ്റ് പദ്ധതി ഈ വർഷം തന്നെ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി. യുഎഇ, സൗദി, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ജിസിസി രാജ്യങ്ങളിലും ഒറ്റ വിസയിൽ സഞ്ചരിക്കാൻ സഞ്ചാരികളെ അനുവദിക്കുന്ന ഈ പദ്ധതി ‘ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ’ എന്ന പേരിലാണ് അറിയപ്പെടുക.
മേഖലയുടെ സമഗ്രമായ സംയോജനത്തിലേക്കുള്ള തന്ത്രപരമായ ചുവടുവെപ്പായാണ് ഏകീകൃത വിസയെ മന്ത്രി വിശേഷിപ്പിച്ചത്. ഒറ്റ ടൂറിസം കേന്ദ്രമായി ഗൾഫ് രാജ്യങ്ങളെ മാറ്റാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൈലറ്റ് പദ്ധതിക്ക് ശേഷം വിസയുടെ പൂർണ്ണമായ നടപ്പാക്കൽ പിന്നീടുള്ള ഘട്ടത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വിസയുടെ കൃത്യമായ വിതരണ തീയതിയോ, വിസ ചെലവ്, കാലാവധി എന്നിവ സംബന്ധിച്ച വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പുതിയ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ യുഎഇയും സൗദിയുമായിരിക്കും എന്നാണ് വിലയിരുത്തൽ. 2024ൽ യുഎഇയിലേക്കെത്തിയ 3.3 ദശലക്ഷം ജിസിസി സന്ദർശകരിൽ 1.9 ദശലക്ഷം പേരും സൗദിയിൽ നിന്നായിരുന്നു. ഒമാൻ (7.77 ലക്ഷം), കുവൈത്ത് (3.81 ലക്ഷം), ബഹ്‌റൈൻ (1.23 ലക്ഷം), ഖത്തർ (93,000) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ.
SUMMARY: GCC unified tourist visa to be piloted this year