ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ അദ്ദേഹം സ്ഥാനത്ത് തുടരും. 2022 സെപ്റ്റംബർ 30നായിരുന്നു അനിൽ ചൗഹാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതല ഏറ്റിരുന്നത്. ഇന്ത്യൻ സായുധ സേനയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആണ് അദ്ദേഹം. 2021 ഡിസംബറിൽ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് മരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ് ജനറൽ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്തേക്ക് എത്തിയിരുന്നത്.
2018 ജനുവരിയിലാണ് അദ്ദേഹത്തെ ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് ആയി നിയമിച്ചത്. 2019-ലെ പാകിസ്ഥാനെതിരായ ബാലകോട്ട് വ്യോമാക്രമണം, ഇന്ത്യ-മ്യാന്‍മര്‍ സംയുക്ത കലാപ വിരുദ്ധ ആക്രമണമായ ഓപ്പറേഷന്‍ സണ്‍റൈസ് എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നത് ഈ കാലയളവിലാണ്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലുമായി പരിശീലനം നേടിയിട്ടുള്ള അനില്‍ ചൗഹാന് പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, സേന മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.
SUMMARY: General Anil Chauhan will continue as the Joint Chiefs of Staff.