കൊച്ചി: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി. മറ്റന്നാൾ മറുപടി നൽകാൻ സർക്കാരിനും ദേവസ്വം ബോർഡിനും ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നടപടി.
ശബരിമല മാസ്റ്റർ പ്ലാനിന് വേണ്ടി നിക്ഷേപം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരിച്ചു. ഭക്തരായ സ്‌പോൺസർമാരിൽ നിന്ന് പണം കണ്ടെത്തി വികസന പ്രവർത്തനങ്ങൾ നടത്തും. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. അയ്യപ്പ സംഗമത്തിന് 3000 പ്രതിനിധികളെ പ്രതീക്ഷിക്കുന്നുവെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. ഹർജിക്കാരൻ അനാവശ്യ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് സർക്കാർ അഭിഭാഷകൻ ആരോപിച്ചു.
മതേതര സർക്കാർ അയ്യപ്പ സംഗമം നടത്താൻ പാടില്ലെന്നും ദേവസ്വം ബോർഡ് സർക്കാറിൻ്റെ മറ മാത്രമെന്നുമാണ് ഹർജിക്കാരൻ്റെ വാദം. ഹർജി ഡിവിഷൻ ബഞ്ച് മറ്റന്നാൾ വീണ്ടും പരിഗണിക്കും.
സെപ്റ്റംബർ 20-ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് സർക്കാർ നൽകുന്ന വിവരം.
SUMMARY: Global Ayyappa gathering: High Court seeks explanation