ബെംഗളുരു: സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യെലഹങ്ക കൊഗിലുവിലെ ചേരിപ്രദേശങ്ങളിലെ വീടുകൾ ഇടിച്ചുനിരത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300ലേറെ ചേരി വീടുകളാണ് മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്കരണത്തിനുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ) ഉദ്യോഗസ്ഥരും പോലീസും മാർഷലുകളും ചേർന്ന് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് വീടുകൾ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയത്
അധികൃതരുടെ നടപടി പ്രദേശത്തെ സംഘർഷ സാഹചര്യത്തിലേക്ക് നയിച്ചു. മുന്നറിയിപ്പ് നോട്ടിസ് നൽകാതെയാണ് വീടുകൾ പൊളിച്ചുനീക്കിയതെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. അധികാരികൾ നോട്ടീസ് നൽകാതെയാണ് ഇടിച്ചുനിരത്തൽ നടത്തിയതെന്ന് ദുഡിയുവ ജനറ വേദികെ നേതാവ് മനോഹർ എലവർത്തി പറഞ്ഞു. നോട്ടീസ് നൽകാത്തതിന്റെ ഫലമായി വർഷങ്ങളായി താമസിക്കുന്ന ദരിദ്രരും പിന്നാക്കക്കാരുമായ ആളുകൾ ഭവനരഹിതരായി. നോട്ടീസ് നൽകിയിരുന്നെങ്കിൽ, ഞങ്ങൾ കുടിയൊഴിപ്പിക്കൽ നിർത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു അതേസമയം, പ്രദേശവാസികളോട് സ്‌ഥലം ഒഴിയുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ജിബിഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്നലെ പുലർച്ച തുടങ്ങിയ ഇടിച്ചുനിരത്തൽ രാവിലെ ഒമ്പത് മണിയോടെ പൂർത്തിയായിരുന്നു. തുടർന്ന് ചേരി വീടുകൾ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് നീക്കംചെയ്യാൻ തുടങ്ങി. വൈകീട്ട് അഞ്ചോടെ മുഴുവൻ പ്രദേശവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി
സംഭവത്തോടെ കഴിഞ്ഞ 25 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്ന 3000ത്തോളം ആളുകൾക്ക് കിടപ്പാടമില്ലാതായിരിക്കുകയാണ്. കുടിയൊഴിപ്പിക്കപ്പെട്ടവരെ സമീപത്തെ സർക്കാർ സ്കൂളിലാണ് താൽക്കാലികമായി പാർപ്പിച്ചിരിക്കുന്നത്. എന്നാൽ, വരും ദിവസങ്ങളിൽ എവിടെ പോകുമെന്ന് അറിയാത്ത അവസ്‌ഥയിലാണ് ഇവർ. പുലർച്ച നാലരയോടെ ഉറങ്ങിക്കിടക്കുമ്പോഴാണ് വീടുകൾ പൊളിക്കാൻ തുടങ്ങിയത്. കിടക്ക വിരികളോ പുതപ്പുകളോ എടുക്കാൻപോലും അനുവദിച്ചില്ലെന്നും താമസക്കാര്‍ പറഞ്ഞു.
വർഷങ്ങൾക്കു മുൻപ് റവന്യു വകുപ്പ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കു (ജിബിഎ) നൽകിയതാണ് ഈ സ്ഥലമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൈയേറ്റ ഭൂമിയുടെ വിപണി മൂല്യം ഏകദേശം 80 കോടിയാണെന്നും ബയോഗ്യാസ് പ്ലാന്റ് നിർമിക്കാനും മാലിന്യ സംസ്കരണ സൗകര്യമൊരുക്കാനുമാണ് ഈ സ്‌ഥലം ഒഴിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.
SUMMARY: Greater Bengaluru Authority demolishes over 300 houses in slum areas in Yelahanka














