തിരുവനന്തപുരം: സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ CMS -03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വിക്ഷേപണം വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെസ് സെന്ററിൽ നിന്ന്. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. 4.4 ടൺ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ് 7 ആർ കുതിച്ചുയരുമ്പോൾ, ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഏറ്റവും വലിയ വിക്ഷേപണമെന്ന ചരിത്രം കുറിക്കും.
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എൽ.വി.എം.3 റോക്കറ്റാണ് ഈ ദൗത്യം നിർവഹിക്കുന്നത്. ഇതാദ്യമായാണ് ഇത്രയേറെ ഭാരമുള്ള ഉപഗ്രഹം ഇന്ത്യയിൽ നിന്ന് ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്നത്. നാല് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങൾ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുള്ള യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ സ്പെയ്സ് സ്റ്റേഷനിൽ നിന്ന് ഏരിയൻ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപിക്കാറുള്ളത്.
ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്–7ന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 (സി.എം.എസ്.03) നിർമ്മിച്ചത് .നാവികസേനയുടെ സേവനത്തിനാണ് സി.എം.എസ്.03 പ്രധാനമായും ഉപയോഗിക്കുക. ജി.സാറ്റ് 7ൽ ലഭ്യമായതിനേക്കാൾ അത്യാധുനിക സംവിധാനങ്ങൾ ഇതിലുണ്ട്. അതീവശേഷിയുള്ള ഡാറ്റാ കൈമാറ്റം സാദ്ധ്യമാക്കുന്നതാണ് യു.എച്ച്.എഫ്,എസ്,സി,കു,ബാൻഡ് ട്രാൻസ്പോണ്ടറുകൾ,ശബ്ദത്തിനും ഡാറ്റായ്ക്കും പുറമെ വീഡിയോയും നിർദ്ദിഷ്ട കേന്ദ്രങ്ങളിലേക്ക് മാത്രമായി കൈമാറാൻ ഉപഗ്രഹത്തിനാകും.
ഈ വർഷം നടത്തിയ എൻ.വി.എസ്–2, ഇ.ഒ.എസ്–9 വിക്ഷേപണങ്ങൾക്കുണ്ടായ അപ്രതീക്ഷിത പരാജയങ്ങൾ കണക്കിലെടുത്ത് വൻ മുന്നൊരുക്കങ്ങളാണ് ശ്രീഹരിക്കോട്ടയിൽ നടക്കുന്നത്.
SUMMARY: GSAT 7R launch today














