തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു. ഇന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടിയിലേക്കുള്ള പ്രവേശനം നിർത്തിവെച്ചതായി തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
സഞ്ചാരികളുടെ സുരക്ഷയും അപകട സാധ്യതകളും കണക്കിലെടുത്താണ് വനം വകുപ്പിന്റെ ഈ തീരുമാനം. തലസ്ഥാന നഗരത്തിലും മലയോര മേഖലയിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇന്ന് പുലർച്ചെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയുമാണ്.
മഴ ശക്തമാകുമ്പോൾ പോകുന്ന വഴിയില്‍ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യതകളുണ്ട്. ഈ സാഹചര്യമാണ് പ്രവേശനം താത്ക്കാലികമായി നിർത്തിവെക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. സാധാരണയായി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് പൊന്മുടിയിലേക്ക് പ്രവേശനം അനുവദിക്കാറുള്ളത്.
SUMMARY: Heavy rains and bad weather; Ponmudi Eco Tourism closed














