ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച രാത്രി വൈകിയും മഴ ശക്തിയായി തുടരുകയാണ്. ഇതേ തുടര്‍ന്ന് നദികൾ കരകവിഞ്ഞൊഴുകുകയും അണക്കെട്ടുകളിലേക്ക് വലിയ അളവിൽ വെള്ളം ഒഴുകിയെത്തുകയും ചെയ്തു.
ഹാസൻ ജില്ലയിലെ ഷിരാഡിയിൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ 40 സെന്റീമീറ്റർ മഴ പെയ്തു. കനത്ത മഴയെത്തുടർന്ന് ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും റോഡുകളിൽ വെള്ളം കയറി. ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
കുടകിലും രണ്ടുദിവസമായി മഴ ശമനമില്ലാതെ തുടരുകയാണ്. താഴ്ന്നപ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലാണ്. ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഹാരംഗി അണക്കെട്ടിൽ ജലനിരപ്പുയരുന്നതിനാൽ തീരവാസികൾ ജാഗ്രതപുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
ഇന്നും നാളെയും റെഡ് അലർട്ട്
ഓഗസ്റ്റ് 18, 19 തീയതികളിൽ ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നീ തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഉൾപ്രദേശങ്ങളിൽ ചിത്രദുർഗ, ദാവൻഗെരെ, ചാമരാജനഗർ, ബെല്ലാരി, വടക്കൻ ഉൾപ്രദേശങ്ങളിൽ യാദ്ഗിർ, വിജയപുര, ഹാവേരി, ബെൽഗാം എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, മൈസൂരു, മാണ്ഡ്യ, തുംകൂരു, കോലാർ, ബീദർ, കലബുറഗി, റായ്ച്ചൂർ, ബാഗൽകോട്ട്, ധാർവാഡ്, കൊപ്പൽ, വിജയനഗർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്,
സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
മുൻകരുതൽ നടപടിയായി, ചിക്കമഗളൂരു ജില്ലയിലെ ആറ് താലൂക്കുകളിലെയും ഉത്തര കന്നഡ ജില്ലയിലെ 10 താലൂക്കുകളിലെയും ദക്ഷിണ കന്നഡ, കുടക്, ശിവമോഗ ജില്ലകളിലെ എല്ലാ താലൂക്കുകളിലെയും അംഗൻവാടികൾ, പ്രൈമറി, ഹൈസ്കൂളുകൾ എന്നിവയ്ക്ക് ജില്ലാ ഭരണകൂടങ്ങൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഹാസൻ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ സകലേഷ്പൂർ, ബേലൂർ, ആലൂർ താലൂക്കുകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടി, പ്രൈമറി, ഹൈസ്കൂളുകൾക്ക് അവധി നൽകാൻ ഹാസൻ ഡെപ്യൂട്ടി കമ്മീഷണർ ലതാകുമാരി ഉത്തരവ് പുറപ്പെടുവിച്ചു.
SUMMARY: Heavy rains in Karnataka: Coastal, Malnad regions on red alert for two days; Today is a holiday for schools in various districts