കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ നിർദേശിച്ച് മറ്റൊരു ഉത്തരവുണ്ടാകുംവരെയാണ് തീരുമാനം നടപ്പാക്കുന്നത് നീട്ടിവെച്ചത്. ജസ്റ്റിസ് സി.എസ്. ഡയസില്‍ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, മൃഗ ജനന നിയന്ത്രണ ചട്ടം എന്നിവ അടിസ്ഥാനമാക്കി സുപ്രീം കോടതിയും ഹൈക്കോടതിയും നൽകിയ മാർഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയാൽ നായ ഭീതിക്ക് പരിഹാരമാകുമെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്‌ഷൻ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്. സുപ്രീം കോടതി, ഹൈക്കോടതി മുൻ ഉത്തരവുകളുടെയും എബിസി നിയമത്തിന്റെയും അടിസ്ഥാനത്തിൽ ദയാവധം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കി.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശഭരണ ജോയിന്റ് ഡയറക്ടർ എന്നിവർ ജില്ലാതല സമിതികളിൽ അംഗങ്ങളാകും. ജസ്റ്റിസ് എസ്. സിരിജഗൻ കമ്മറ്റിയിൽ ശേഷിക്കുന്ന പരാതികൾ കേരള ലീഗൽ സർവീസസ് അതോറിറ്റി ഏറ്റെടുത്ത് ജില്ലാ സമിതികൾക്ക് കൈമാറണം. പുതിയ അപേക്ഷകളായി പരിഗണിച്ച് വേഗം തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. വിഷയത്തിൽ അഡ്വ. പി. ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. തെരുവുനായ്ക്കളുടെ കൃത്യമായ എണ്ണം, കടിയേറ്റ സംഭവങ്ങൾ, മരണം, പേവിഷ വാക്സിൻ എന്നിവ വ്യക്തമാക്കി തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി രണ്ടാഴ്ചക്കകം മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. ഹരജി വീണ്ടും ആഗസ്റ്റ് 19ന് പരിഗണിക്കാൻ മാറ്റി.
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് ഈ മാസം പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കാമെന്ന തീരുമാനമുണ്ടായത്. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി രോഗം വന്നതോ, രോഗം പരത്താൻ സാധ്യതയുള്ളതോ ആയ നായകളെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടെത്തുന്ന മൃഗങ്ങൾ, ഗുരുതരമായി പരുക്കേൽക്കുകയോ ജീവിക്കാൻ സാധ്യതയില്ലെന്ന് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന മൃഗങ്ങൾ എന്നിവയെ ദയാവധം നടത്താം എന്നായിരുന്നു തീരുമാനം.
SUMMRAY: High Court freezes government’s decision to euthanize stray dogs