കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്‌കൂളില്‍ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് വി ജി അരുണ്‍ ഹർജികള്‍ തീര്‍പ്പാക്കിയത്. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതല്ലേയെന്ന് വാദം കേള്‍ക്കലിനിടെ കോടതി വാക്കാല്‍ ചോദിച്ചു.
‘സിസ്‌റ്റേഴ്‌സിന്റെ വികാരങ്ങള്‍ എനിക്ക് മനസിലാവും. ഒടുവില്‍ അവര്‍ അവളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി തോന്നിയേക്കാം.”-കോടതി പറഞ്ഞു. എന്നാല്‍, ലാറ്റിന്‍ കത്തോലിക്ക സമുദായം അസഹിഷ്ണുക്കളാണെന്ന വാദം തങ്ങള്‍ക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവര്‍ രാജ്യത്ത് നിരവധി സ്‌കൂളുകള്‍ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യം നമുക്കെല്ലാം അറിയാം. കുട്ടിക്ക് അവിടെ പഠിക്കാനാവില്ല. വിഷയം ഇനി വഷളാക്കേണ്ടതില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
താന്‍ ഒരു കത്തോലിക്ക സ്‌കൂളിലാണ് പഠിച്ചതെന്ന് ജസ്റ്റിസ് വി ജി അരുണ്‍ പറഞ്ഞു. അവിടെ എല്ലാ ദിവസവും പിതാവിന്റെ നാമത്തിലാണ് ക്ലാസ് തുടങ്ങു. താന്‍ അതിന്റെ ഗുണഭോക്താവാണെന്നും ജഡ്ജി പറഞ്ഞു. എന്നാല്‍, സ്ഥാപനം പ്രഥമദൃഷ്ട്യാ നിഷ്പക്ഷമല്ല എന്നല്ല, മറിച്ച് ആഴത്തിലുള്ള മതേതരത്വം ഇല്ല എന്നതാണ് വിഷയമെന്ന് കുട്ടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചാണ് പ്രശ്‌നമെന്ന് തങ്ങള്‍ പറയുന്നില്ലെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.
തുടര്‍ന്ന് കോടതി വിധി പറഞ്ഞു. ”വിശദമായ വാദം കേട്ടു. വിദ്യാര്‍ഥിനിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി രക്ഷിതാക്കള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹർജിയിലെ വിഷയങ്ങളിലേക്ക് കടക്കേണ്ടതില്ല. വിഷയം വഷളാക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി പറഞ്ഞിരിക്കുന്നത്.
SUMMARY: Hijab controversy at St. Rita’s School; Girl says she’s leaving school














