വാരണാസി: ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഉന്നത വ്യക്തിത്വമായ പത്മവിഭൂഷൺ പണ്ഡിറ്റ് ചന്നുലാൽ മിശ്ര അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ബനാറസ് ഘരാന സ്കൂളിന്‍റെ വക്താവായിരുന്നു അദ്ദേഹം. പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ നാലരയോടെ ഉത്തർ പ്രദേശിൽ മിർസപൂരിലെ വീട്ടിലായിരുന്നു അന്ത്യം.
ദീർഘകാലമായി അസുഖബാധിതനായിരുന്ന മിശ്ര പുലർച്ചെ 4 മണിയോടെയാണ് അന്തരിച്ചതെന്ന് മകൾ നമ്രത മിശ്ര അറിയിച്ചു. ഇവരുടെ കുടുംബത്തോടൊപ്പം മിർസാപൂരിലായിരുന്നു താമസം.
1936-ൽ അസംഗഢിൽ ജനിച്ച മിശ്ര ഖയാൽ, തുമ്രി, ദാദ്ര, ചൈതി, കജ്രി, ഭജൻ തുടങ്ങിയ സംഗീത ശൈലികൾക്ക് വളരെയധികം സംഭാവന നൽകി. മിശ്ര തന്റെ പിതാവ് ബദ്രി പ്രസാദ് മിശ്രയിൽ നിന്നും കിരാന ഘരാനയിലെ ഉസ്താദ് അബ്ദുൾ ഘാനി ഖാൻ, താക്കൂർ ജയ്ദേവ് സിംഗ് എന്നിവരിൽ നിന്നും സംഗീത പരിശീലനം നേടി. ബനാറസ് ഘരാനയുടെയും തുമ്രിയിലെ പുരബ് ആങ് പാരമ്പര്യത്തിന്റെയും വക്താവായിരുന്നു.
ഭജനുകൾക്കും ഗസലുകൾക്കും പേരുകേട്ടയാളായിരുന്നു ചന്നുലാൽ മിശ്ര. അമിതാഭ് ബച്ചൻ, സെയ്ഫ് അലി ഖാൻ, ദീപിക പദുക്കോൺ എന്നിവർ അഭിനയിച്ച ആരക്ഷൻ എന്ന ചിത്രത്തിലെ ‘സാൻസ് അൽബേലി’ എന്ന ഗാനത്തിലൂടെ ബോളിവുഡിലും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു.
2020-ൽ പത്മവിഭൂഷണും 2010-ൽ പത്മഭൂഷണും സമ്മാനിച്ചു. മിശ്രയുടെ അന്ത്യകർമങ്ങൾ വൈകുന്നേരം 5 മണിക്ക് വാരണാസിയിൽ നടക്കും.
SUMMARY: Hindustani musician Pandit Channulal Mishra passes away