ബെംഗളൂരു: ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025’ ഒക്ടോബർ 26-ന് ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ നടക്കും. രാവിലെ ഏഴിന് അത്തപ്പൂക്കളമത്സരത്തോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ, ഓണസദ്യ, തിരുവാതിരക്കളി, സാംസ്കാരികസമ്മേളനം, രാഗമാലിക, ഹാസ്യപരിപാടി, കൈപ്പട്ടൂർ കലാവേദിയുടെ ഫ്യൂഷൻ മെഗാഷോ, കൊച്ചിൻ പാണ്ഡവാസിന്റെ മെഗാഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറും.
സാംസ്കാരികസമ്മേളനത്തിൽ കൃഷ്ണഗിരി എംപി കെ. ഗോപിനാഥ്, ഹൊസൂർ എംഎൽഎ വൈ. പ്രകാശ്, ഹൊസൂർ മേയർ എസ്.എ. സത്യ, നടി വിനയാ പ്രസാദ്, ടിവി പ്രോഗ്രാം കോഡിനേറ്റർ ഹരി പി. നായർ എന്നിവർ അതിഥികളായി പങ്കെടുക്കും. സമാജം പ്രസിഡന്റ് ജി. മണി, ജനറൽ സെക്രട്ടറി അനിൽ കെ. നായർ, ട്രഷറർ അനിൽ ദത്ത്, ഓണാഘോഷക്കമ്മിറ്റി ചെയർമാൻ എം. രവീന്ദ്രൻ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ എൻ.കെ. പ്രേമരാജൻ, ചാരിറ്റബിൾ കമ്മിറ്റി ചെയർമാൻ എൻ. ഗോപിനാഥ് എന്നിവർ നേതൃത്വം നൽകും.
ഓണാഘോഷത്തിന്റെ ഭാഗമായുള്ള കായികമത്സരം ഇന്നലെ അദിയമ്മൻ കോളേജ് ഗ്രൗണ്ടിൽ നടന്നു. രാവിലെ ഒൻപതിന് സമാജം പ്രസിഡന്റ് ജി. മണിയുടെ അധ്യക്ഷതയിൽ മുൻ തമിഴ്നാട് കായികമന്ത്രി ബാലകൃഷ്ണ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
SUMMARY: Hosur Kairali Samajam ‘Onanilavu’ on the 26th